ന്യൂഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിലെ കലാപത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് 10 ലക്ഷം രൂപയും മരിച്ച പ്രായപൂർത്തിയാകാത്തവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപയും ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ. കലാപത്തിൽ അംഗവൈകല്യം സംഭവിച്ചവർക്ക് അഞ്ച് ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപയും സർക്കാർ ധനസഹായം പ്രഖ്യാപിച്ചു.
നിസാര പരിക്കുകൾ മാത്രമുള്ളവർക്ക് ചികിത്സാ സഹായമായി 20,000 രൂപ വീതം ലഭിക്കും. കലാപത്തിൽ അനാഥരാക്കപ്പെട്ടവർക്ക് മൂന്ന് ലക്ഷം രൂപയാണ് ധനസഹായം.
വീട് പൂർണമായും കത്തി നശിച്ചവർക്ക് അഞ്ച് ലക്ഷം നഷ്ടപരിഹാരമായി നൽകും. വാടകയ്ക്കുള്ള വീടാണെങ്കിൽ വീട്ട് ഉപകരണം നശിച്ചതിന് ഒരു ലക്ഷം രൂപ താമസക്കാർക്കും നാല് ലക്ഷം രൂപ കെട്ടിട ഉടമകൾക്കുമായി വീതിച്ചു നൽകും.
വീട് ഭാഗീകമായി നശിച്ചവർക്ക് 2.5 ലക്ഷം രൂപ വീതം ലഭിക്കും. കട കത്തിനശിച്ചവർക്ക് അഞ്ച് ലക്ഷവും വീട് പൂർണമായും നശിച്ചവർക്ക് അടിയന്തര സഹായമായി 25,000 രൂപ വീതവും നൽകുമെന്ന് കേജരിവാൾ പ്രഖ്യാപിച്ചു.
കലാപത്തിൽ വളർത്ത് മൃഗത്തെ നഷ്ടപ്പെട്ടവർക്ക് ഓരോ മൃഗത്തിനും 5,000 രൂപ വീതമാണ് നഷ്ടപരിഹാരം പ്രഖ്യാപിച്ചിരിക്കുന്നത്. കലാപത്തിൽ കേടുപാട് സംഭവിച്ച ഓട്ടോ റിക്ഷകൾക്ക് 25,000 രൂപയും ഇ-ഓട്ടോകൾക്ക് 50,000 രൂപ വീതവും നഷ്ടപരിഹാരം ലഭിക്കും.
കലാപത്തിൽ പരിക്കേറ്റവർക്ക് സ്വകാര്യ ആശുപത്രികളിലും സൗജന്യ ചികിത്സ അനുവദിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കലാപത്തിൽ ഇരകളാക്കപ്പെട്ടവർക്ക് സൗജന്യ ഭക്ഷണവും സർക്കാർ പ്രഖ്യാപിച്ചു.