തട്ടിക്കൊണ്ടുപോയ രണ്ടരവയസ്സുകാരനെ ഉയര്‍ന്ന വിലയ്ക്ക് വില്‍ക്കാന്‍ മൂന്ന് സ്ത്രീകള്‍ ചേര്‍ന്നുവാങ്ങി! 1.8 ലക്ഷം രൂപ വിലയിട്ട് വാട്‌സ്ആപ്പില്‍ പരസ്യം ചെയ്തതോടെ പിടിവീണു; ഡല്‍ഹിയില്‍നിന്നും ലോകത്തെ ഞെട്ടിച്ച ഒരു മനുഷ്യക്കച്ചവടത്തിന്റെ കഥ

ghyetതട്ടിക്കൊണ്ടുപോയ രണ്ടരവയസ്സുകാരനെ ഉയര്‍ന്ന വിലയ്ക്ക് വില്‍ക്കാന്‍ വാട്‌സ്ആപ്പിലൂടെ പരസ്യം ചെയ്ത സ്ത്രീകള്‍ അറസ്റ്റില്‍. 1.8 ലക്ഷം രൂപ വിലയിട്ട് കുട്ടിയുടെ ചിത്രവും ചേര്‍ത്ത് കൂട്ടത്തില്‍ ഒരു സ്ത്രീ വാട്ട്‌സ്ആപ്പില്‍ പരസ്യമിട്ടതോടെയാണ് ഇവര്‍ കുടുങ്ങിയത്. മനുഷ്യക്കച്ചവട മാഫിയയിലേക്ക് വിരല്‍ചൂണ്ടുന്ന സംഭവമാണ് ഡല്‍ഹിയിലുണ്ടായതെന്ന് പോലീസ് കരുതുന്നു. ഡല്‍ഹി ജുമാ മസ്ജിദിന്റെ സമീപത്തുനിന്നാണ് കുട്ടിയെ കാണാതായത്. ഉയര്‍ന്ന വിലയ്ക്ക് വില്‍ക്കുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്ന് പോലീസ് പറഞ്ഞു. വാട്ട്‌സ്ആപ്പിലെ പരസ്യംകണ്ടവരില്‍ ഒരാള്‍ നല്‍കിയ പരാതിയെതുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് ഇവര്‍ പോലീസ് പിടിയിലായത്. പോലീസ് അറസ്റ്റ് ചെയ്യുമെന്ന് ഉറപ്പായപ്പോള്‍ യുവതികളിലൊരാള്‍ കുട്ടിയെ രഘുബീര്‍ നഗറിലെ ക്ഷേത്രത്തിന് സമീപം ഉപേക്ഷിച്ചു. രാധ (40), സോണിയ (24), സരോജ് (34) എന്നിവരെയും ജാന്‍ മുഹമ്മദ് എന്നയാളെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. ജാന്‍ മുഹമ്മദാണ് ജുമാ മസ്ജിദിന്റെ ഒന്നാം ഗേറ്റിന് സമീപത്തുനിന്ന് കുട്ടിയെ തട്ടിയെടുത്തത്. ജൂണ്‍ അഞ്ചിനായിരുന്നു ഇത്.

പിന്നീട് കുട്ടിയെ രാധയുടെ വീട്ടിലെത്തിച്ചു. കുട്ടിയെ ഉയര്‍ന്ന വിലയ്ക്ക് വിറ്റ് അതിലൊരു പങ്ക് ഇയാള്‍ക്ക് നല്‍കാമെന്ന് രാധ വാക്കുനല്‍കി. കുറച്ചുദിവസം തന്റെ വീട്ടില്‍ സൂക്ഷിച്ച കുട്ടിയെ രാധ സോണിയക്ക് ഒരുലക്ഷം രൂപയ്ക്ക് വിറ്റു. മംഗള്‍പുരിയിലെ തന്റെ താവളത്തില്‍ കുറച്ചുദിവസം കുട്ടിയെ സൂക്ഷിച്ച സോണിയ, 1.10 ലക്ഷം രൂപയ്ക്ക് അവനെ സരോജിന് വിറ്റു. സരോജാണ് കുട്ടിയുടെ ചിത്രമടക്കം വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ പരസ്യം നല്‍കിയത്. കുട്ടിക്ക് വില 1.8 ലക്ഷമാണെന്നും കാണിച്ചിരുന്നു. ഇതോടെയാണ് പോലീസ് വിവരമറിയുന്നതും അറസ്റ്റ് നടന്നതും. പോലീസ് അന്വേഷണം മുറുകിയെന്നറിഞ്ഞതോടെ സരോജ് കുട്ടിയെ ക്ഷേത്രത്തിന് സമീപം ഉപേക്ഷിക്കുകയായിരുന്നു. കേസില്‍ കുടുങ്ങാതിരിക്കാന്‍ ഒരു വഴിയാത്രക്കാരിയെന്ന നിലയില്‍ ഇവര്‍തന്നെയാണ് പോലീസിനെ വിവരം അറിയിച്ചത്. പോലീസിനെ ഇവര്‍ വിളിച്ച ഫോണിന്റെ നമ്പര്‍ പിന്‍തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഇവര്‍ കുടുങ്ങിയത്. ഒരു വന്ധ്യതാ ക്ലിനിക്കില്‍വച്ചാണ് സരോജും രാധയും സോണിയയും ആദ്യം പരിചയപ്പെട്ടതെന്നും പോലീസിന് വിവരം ലഭിച്ചു. ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വാടകഗര്‍ഭപാത്ര മാഫിയയുമായും ഇവര്‍ക്ക് ബന്ധമുണ്ടെന്ന് പോലീസ് കരുതുന്നു. കുട്ടിയെ തിരിച്ചറിയുന്നതിനായി ചിത്രം പ്രാദേശിക കേബിള്‍ ടെലിവിഷനിലൂടെ പോലീസ് കാണിക്കുകയും ചെയ്തിരുന്നു.

Related posts