ചിത്രങ്ങളും എഴുത്തും: ജോൺ മാത്യു
ന്യൂഡല്‍ഹി: കൊവിഡ് ബാധിച്ച് മരണപ്പെടുന്ന മലയാളികളുടെ എണ്ണം രാജ്യതലസ്ഥാനത്ത് കൂടുകയാണ്. കിഴക്കന്‍ ഡല്‍ഹിയിലെ യമൂര് വിഹാര്‍ ഫേസ് മൂന്നില്‍ ഇന്നലെ മാത്രം മൂന്ന് മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തു. രണ്ട് വനിതകളും ഒരു പുരുഷനും ഇന്നലെ മാത്രം മരണമടഞ്ഞു.
മൃതദേഹം ദഹിപ്പിക്കാനുള്ള സൗകര്യം ലഭിക്കാത്തതിനാല്‍ കഴിഞ്ഞ ആഴ്ച മരിച്ച ലിസ്സി ഗ്രേഷ്യസിന്റെ (ജെയ്ഹിന്ദ് ക്യാമറമാന് കെന്നിയുടെ മാതാവ്) മൃതദേഹം ആനന്ദ് വിഹാറിലെ പൊതുശ്മശാനത്തില്‍ ഇന്ന് രാവിലെ 8 മണിക്കാണ് സമയം ലഭിച്ചത്.
കഴിഞ്ഞ ദിവസം സാഹിബാബാദിലെ ഡി.എല്‍.എഫ് കോളനിയില്‍ മരിച്ച യുവാവ് ജോബി ടി.എയുടെ മൃതദേഹം സമീപത്തുള്ള സീമാപുരിയിലെ പൊതുശ്മശാനത്തില്‍ ഏറെ നേരത്തെ കാത്തിരിപ്പിനു ശേഷമാണ് ദഹിപ്പിച്ചത്.
ഡല്‍ഹിയിലെ എല്ലാ പൊതുശ്മശാനങ്ങളിലും ഇതുതന്നെയാണ് അവസ്ഥ. മരണം നടന്നാലുടന്‍ രോഗവ്യാപനം തടയാന്‍ ഏറ്റവും അടുത്തുള്ള പൊതുശ്മശാനത്തിലാണ് മൃതദേഹങ്ങള്‍ ദഹിപ്പിക്കുന്നത്. മരണത്തിന്റെ ആധിക്യം നിമിത്തം ടോക്കണ്‍ ഏടുത്ത് കാത്തു നില്‍ക്കേണ്ട അവസ്ഥ ഇപ്പോഴും നിലവിലുണ്ട്.
ഇന്നലെ ഡല്‍ഹിയിലെ പ്രശസ്തമായ ഗംഗറാം ആശുപത്രിയില്‍ മാത്രം 25 രോഗികള്‍ ഓക്സിജന്‍ ലഭ്യമല്ലാത്തതിനാല്‍ മരിച്ചു.
മയൂര്‍ വിഹാര്‍ ഫേസ് മൂന്നില്‍ ഇന്നലെ ഉണ്ടായ കോവിഡ് മരണങ്ങള്
പോക്കറ്റ് എ-3യിലെ 31 ജി യില്‍ താമസിച്ചിരുന്ന ശിവദാസന്റെ ഭാര്യ സിന്ധു പി.എസ്. (40), നോയിഡയിലെ കൈലാഷ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഓക്സിജന്‍ ലഭിക്കാഞ്ഞതാണ് മരണം കാരണം. മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ മഹേഷ് ശര്‍മ്മയുടേതാണ് കൈലാഷ് ഹോസ്പിറ്റല്‍.
മയൂര്‍ വിഹാറിലെ സെന്റ് മേരീസ് സീനിയര്‍ സെക്കണ്ടറി സ്കൂളിലെ പ്രൈമറി ക്ലാസ് അദ്ധ്യാപികയായിരുന്ന ട്രീസ (40) കോവിഡാനന്തര രോഗത്താല്‍ മരിച്ചു. കൊവിഡ് രോഗം ഭേദമായ ശേഷം ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാവുകായിരുന്നു.ശരീരത്തില്‍ ഓക്സിജന്റെ അളവ് കുറഞ്ഞപോയതാണ് മരണകാരണമെന്ന് ഡോക്ടര്‍ സ്ഥിരീകരിച്ചു. തമിഴ്നാട് സ്വദേശിനിയായിരുന്നു ട്രീസ.
മയൂര്‍ വിഹാര്‍ മൂന്നിലെ എ-1 പോക്കറ്റില്‍ 103-സി യില്‍ താമസിച്ചിരുന്ന വേലായുധന് കുട്ടി (59) ഇന്നലെ മരിച്ചു. ചിറ്റോട്ട് വീട്, അഞ്ചുമൂര്‍ത്തി, മംഗളാന്‍, പാലക്കാട്, ഡല്‍ഹിയിലെ എല്‍.എന്‍.ജെ.പി ആശുപത്രിയില്‍ (ലോക്നായക് ജയപ്രകാശ് ) ചികില്‍സയിലായിരുന്നു. ഭാര്യ സുമ, ഏക മകള്‍ നിധി, മരുമകന് ജിഷ്ണു. നിധിയുടെ വിവാഹം അടുത്ത നാളിലാണ് നടത്തിയത്.
കിഴക്കന്‍ ഡല്‍ഹിയിലെ പുഷ്പ വിഹാറില്‍ താമസിച്ചിരുന്ന കെ വി എസ് പിള്ള ഡല്‍ഹി മലയാളി അസോസിയേഷന്റെ പ്രസിഡണ്ടായിരുന്നു, പുഷ്പവിഹാര് ധര്‍മ്മശാസ്ത ക്ഷേത്ര കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു.
കെ പ്രഭാകരന് (82) ദ്വാരകയിലെ ഡല്‍ഹി മലയാളി അസോസ്സിയേഷന് പ്രസിഡണ്ട് വി.കെ ബാലന്റെ ഭാര്യാപിതാവ് കൊവിഡ് ബാധിച്ച് മരിച്ചു.റെജി ഫിലിപ്സ് (54) വടക്കന്‍ ഡല്‍ഹിയിലെ ജനക്പുരിയിലെ ജീവന് പാര്‍ക്കില്‍ മരിച്ചു.
ഡി.എം.എ സജീവ പ്രവര്‍ത്തകനായിരുന്നു. സംസ്കാരം മംഗോള്‍പുരിയിലെ ക്രിസ്ത്യന്‍ സെമിനത്തേരിയില് നടത്തി.മുതിര്‍ന്ന ചാനല്‍ ക്യാമറാമാന് സുരേന്ദ്ര വര്‍മ്മ (എക്സ്.സി.ബി ചാനല്‍) ഡല്‍ഹിയില്‍ കൊവിഡ് ചികിത്സയില്‍ ഇരിക്കെ മരിച്ചു.