ന്യൂഡൽഹി: ഡല്‍ഹിയില്‍ കൊവിഡ് ബാധിച്ച് മരിച്ച രോഗികളെ നേരില്‍ കാണാന്‍ ബന്ധുക്കളെ അനുവദിക്കറില്ല. ഐ.സി.യു വാര്‍ഡിന് വെളിയില്‍ ആകുലതയോടെ കാത്തുനില്ക്കുന്ന ബന്ധുക്കള്‍ക്ക് പലപ്പോഴും രോഗികളുടെ അവസ്ഥകള്‍ അറിയാന്‍ മലയാളികളായ നഴ്സുമാരാണ് ആശ്രയം.
എല്ലാ ആശുപത്രികളിലും മലയാളി നഴ്സുമാര്‍ ഉള്ളതാണ് പല രോഗികളുടെയും ആശ്വാസം. അല്പം മനുഷ്യത്വത്തോടെ പെരുമാറുന്നത് ഇവര്‍ മാത്രമാണ്. രോഗിയുടെ മൊബൈല്‍ ഫോണ്‍, പഴ്സ് എന്നിവ ബന്ധുക്കളെ ഏല്പിക്കാന് വാര്‍ഡിന് പുറത്തേയ്ക്ക് കൊടുത്തുവിട്ടാല്‍ രോഗി മരിച്ചു എന്നാണര്‍ത്ഥം.
രോഗിയെ ബെഡ്ഡില്‍ നിന്നും മാറ്റാന്‍ ബന്ധുക്കളുടെ സമ്മത പത്രം ഒപ്പിട്ടുവാങ്ങുന്നു. മരിച്ച ഉടനെ രോഗിയുടെ വായും, ചെവിയും, മൂക്കും കട്ടിയുള്ള വായുകടക്കാത്ത പ്ലാസ്റ്റിക് ടേപ്പ് ഒട്ടിക്കും. പിന്നെ വായു കടക്കാത്ത, വെള്ളം കടക്കാത്ത പ്ലാസ്റ്റിക് ബോഡി ബാഗില്‍ പൊതിയുന്നു, രണ്ടോ മൂന്നോ കോട്ടിംഗിന് ശേഷം തുണികൊണ്ട് പൊതിയുന്നു.
പേരും നമ്പറും തിരിച്ചറിയല്‍ രേഖകളും രേഖപ്പെടുത്തിയ ശേഷം മോര്‍ച്ചറിയിലേക്കോ, ആശുപത്രിയുടെ ഇടനാഴികളിലേക്കോ മാറ്റുന്നു.
സംസ്കാരം കോവിഡ് പ്രോട്ടോകോള്‍ പ്രകാരം
ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ ആരോഗ്യ പ്രവര്‍ത്തകരും ആംബുലന് സ്ഥാഫുമാണ് പിന്നീട് കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. അടുത്തുള്ള പൊതു ശ്മശാനത്തിലെ ഒഴിവ് അനുസരിച്ച് അവര്‍ പറയുന്ന ചുടുകാട്ടിലെത്തണം.
ശരീരവും കണ്ണും മൂടുന്ന പ്ലാസ്റ്റിക് ഏപ്രണ്‍ അണിഞ്ഞ് 3 ബന്ധുക്കള്‍ക്ക് ദൂരെ നിന്നും കാണാന്‍ സാധിക്കും. മൃതദേഹങ്ങള്‍ സ്വന്തം നിലയില്‍ കൊണ്ടുപോകാനോ, മതാചാര പ്രകാരമുള്ള സംസ്കാരമോ അനുവദിക്കില്ല.
ചുടുകാട്ടില്‍ നിന്നും മൃതദേഹം സംസ്കരിച്ചതിന്റെ അടുത്ത ദിവസം ഭസ്മം അടങ്ങിയ കലശം ശേഖരിക്കാനും തങ്ങളുടെ മതാചാര പ്രകാരം സംസ്കരിക്കാനും സാധിക്കും. കോവിഡ് രോഗികളുടെ മൃതദേഹം സംസ്കരിക്കാന്‍ സഹായിച്ച സന്നദ്ധ പ്രവര്‍ത്തക ഡോ. രമ എസ് രാഷ്ട്രദീപികയോട് പറഞ്ഞു.