ന്യൂഡൽഹി: മെട്രോ ട്രെയിനുകളുടെ ഉള്ളിൽനിന്നുള്ള സെൽഫികളും ചിത്രങ്ങളും റീൽസും സാമൂഹിക മാധ്യമങ്ങളിൽ പതിവായി കാണാറുണ്ട്.
ഇവയിൽ പലതും വൈറലാകാറുമുണ്ട്. കഴിഞ്ഞ ദിവസവും അതുപോലെ ഒരു ചിത്രം വൈറലായി. ഡൽഹി മെട്രോയിൽ രണ്ടു കമിതാക്കൾ പരിസരം മറന്നു ചുംബിക്കുന്നതായിരുന്നു ചിത്രം.
യാത്രികരിലാരോ ആണു ചിത്രം പകർത്തി സാമൂഹിക മാധ്യമത്തിൽ പോസ്റ്റ് ചെയ്തത്. ചുംബിക്കുന്നവരുടെ മുഖം ചിത്രത്തിൽ വ്യക്തമായിരുന്നില്ല.
ചിത്രം വൈറലായി രണ്ടു ദിവസം കഴിഞ്ഞപ്പോൾ മെട്രോയുടെ മറുപടി വന്നു. അതാകട്ടെ ചിത്രത്തേക്കാൾ ശ്രദ്ധപിടിച്ചു പറ്റി. “യാത്രക്കാർക്ക് എന്തെങ്കിലും അസൗകര്യമുണ്ടായെങ്കിൽ ഖേദിക്കുന്നു.
ചുംബിച്ചവരെപ്പറ്റി അന്വേഷിച്ചെങ്കിലും അവരെ കണ്ടെത്താനായില്ല.’ സംഭവം നടന്നു രണ്ടുദിവസം കഴിഞ്ഞശേഷം മെട്രോ നൽകിയ മറുപടിയെ ട്രോളിക്കൊണ്ടുള്ള പൊങ്കാലയിടലായിരുന്നു പിന്നെ കണ്ടത്.
“ആരെങ്കിലും ചുംബിച്ചുകൊണ്ട് രണ്ടുദിവസം മെട്രോയ്ക്ക് അകത്ത് ഇരിക്കുമോ’ എന്നു ചോദിച്ചായിരുന്നു ട്രോളുകൾ. മെട്രോ അധികൃതരുടെ മറുപടി പെട്ടെന്നായി പോയല്ലോ എന്ന പരിഹാസവും കമന്റായി എത്തി.
പരസ്യമായ ഇത്തരം ഇടപെടലുകൾ പ്രോത്സാഹിപ്പിക്കാനാകില്ലെന്നു പറഞ്ഞ് ചിലർ കമിതാക്കളെ കുറ്റപ്പെടുത്തിയപ്പോൾ, അവരുടെ സ്വകാര്യതയിലെന്തിന് ശ്രദ്ധിക്കാൻ പോകണമെന്നു ചൂണ്ടിക്കാട്ടി മറ്റു ചിലരും രംഗത്തെത്തി.