ന്യൂഡൽഹി: യുവതിയെ കൂട്ടമാനഭംഗത്തിന് ഇരയാക്കിയ സംഭവത്തിൽ കൗമാരക്കാരടക്കം അഞ്ചുപേർ അറസ്റ്റിൽ. വടക്കൻ ഡൽഹിയിലെ ജഹാംഗീർപൂരിലാണ് സംഭവമുണ്ടായത്. യുവതിയും പ്രതികളിലെ ഒരു കൗമാരക്കാരനുംസുഹൃത്തുക്കളായിരുന്നു.
ബുധനാഴ്ച കൗമാരക്കാരന്റെ വീട്ടിൽ നടന്ന പാർട്ടിയിലേക്ക് യുവതിയെയും ഇയാൾ ക്ഷണിച്ചിരുന്നു. യുവതി വീട്ടിലെത്തുന്പോൾ കൗമാരക്കാരനൊപ്പം നാല് സുഹൃത്തുക്കളും വീട്ടിലുണ്ടായിരുന്നു.
പാർട്ടിക്കിടെ യുവതിക്ക് നിർബന്ധിച്ച് മദ്യം നൽകിയ ശേഷം കത്തികാണിച്ച് മാനഭംഗപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അഞ്ചുമണിക്കൂറോളം പീഡിപ്പിച്ച ശേഷം പുലർച്ചെ 1.30ഒാടെയാണ് പെൺകുട്ടിയെ പോകാൻ അനുവദിച്ചത്. സംഭവത്തെക്കുറിച്ച് പുറത്ത് പറയരുതെന്ന് ഭീഷണിപ്പെടുത്തിയാണ് യുവതിയെ വിട്ടയച്ചത്.
പോലീസിൽ പരാതി നൽകിയ യുവതിയെ മെഡിക്കൽപരിശോധനയ്ക്ക് വിധേയയാക്കി. പരിശോധനയിൽ മാനഭംഗം നടന്നതായി പോലീസ് പറഞ്ഞു.
പിടിയിലായ പ്രതികളിൽ ഒരാൾക്ക് മാത്രമാണ് പ്രായപൂർത്തിയായത്. ഇയാളെ കോടതിയിൽ ഹാജരാക്കിയ ശേഷം ജുഡീഷൽ കസ്റ്റഡിയിൽ വിട്ടു. പ്രായപൂർത്തിയാകാത്തവരെ ജൂവനൈൽ ജസ്റ്റിസ് ബോർഡ് താത്കാലികമായി കറക്ഷൻ ഹോമിലേക്ക് അയച്ചു.