ന്യൂഡൽഹി: ഡൽഹിയിലെ തീസ് ഹസാരി കോടതിയിൽ പോലീസും അഭിഭാഷകരും തമ്മിലുള്ള സംഘർഷത്തിൽ അപ്രതീക്ഷിത പ്രതിഷേധം. കോടതിയിൽ പോലീസുകാരെ ആക്രമിച്ച അഭിഭാഷകരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഡൽഹിയിലെ പോലീസുകാർ പണിമുടക്കി തെരുവിലിറങ്ങി. അഭിഭാഷകരെ അറസ്റ്റ് ചെയ്യാതെ പ്രതിഷേധത്തിൽനിന്നു പിൻമാറില്ലെന്ന് പ്രഖ്യാപിച്ചാണു പോലീസുകാരുടെ സമരം.
ഡൽഹി പോലീസ് ആസ്ഥാനത്തു ചൊവ്വാഴ്ച രാവിലെയാണ് പോലീസുകാർ ആദ്യം പ്രതിഷേധവുമായി സംഘടിച്ചത്. കറുത്ത റിബണ് ധരിച്ച പോലീസുകാർ, ആസ്ഥാനത്തിന് മുന്നിൽ റോഡിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. സമരത്തിൽ നിന്നും പിൻമാറണമെന്ന് ഉന്നത ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടെങ്കിലും പ്രതിഷേധക്കാർ ചെവിക്കൊണ്ടില്ല. ഡൽഹി പോലീസ് കമ്മീഷണർ സ്ഥലത്തെത്തി, അക്രമം നടത്തിയ അഭിഭാഷകരെ അറസ്റ്റ് ചെയ്യുമെന്നത് സംബന്ധിച്ച് ഉറപ്പ് നൽകണമെന്ന് സമരക്കാർ ആവശ്യപ്പെടുന്നു. ആയിരക്കണക്കിനു പോലീസുകാരാണ് ഇപ്പോഴും പ്രതിഷേധം തുടരുന്നത്.
തീസ് ഹസാരി കോടതി പരിസരത്തുവച്ച് ശനിയാഴ്ച വൈകുന്നേരമാണ് അഭിഭാഷകരും പോലീസും തമ്മിൽ ഏറ്റുമുട്ടിയത്. പാർക്കിംഗിനെച്ചൊല്ലിയുള്ള തർക്കം ഏറ്റുമുട്ടലിൽ ചെന്നെത്തുകയായിരുന്നു. നിരവധി അഭിഭാഷകർക്കും പോലീസുകാർക്കും പരിക്കേറ്റ സംഘർഷത്തിൽ ഇരുപതിലേറെ വാഹനങ്ങൾ നശിപ്പിക്കപ്പെട്ടു.
സംഘർഷത്തിൽ ഡൽഹി ഹൈക്കോടതി ജുഡീഷൽ അന്വേഷണത്തിനു ഉത്തരവിട്ടിട്ടുണ്ട്. സംഭവങ്ങളുടെ അടിസ്ഥാനത്തിൽ സ്വമേധയാ കേസെടുത്താണ് ഹൈക്കോടതിയുടെ ഇടപെടൽ. രണ്ട് എഎസ്ഐമാരെ സസ്പെൻഡ് ചെയ്യാൻ ഉത്തരവിട്ട കോടതി, ഡൽഹി പോലീസ് സ്പെഷൽ കമ്മീഷണർ സഞ്ജയ് സിംഗ്, അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ ഹരീന്ദർ സിംഗ് എന്നിവരെ സ്ഥലംമാറ്റാനും നിർദേശിച്ചു.
അഭിഭാഷകർക്കെതിരേ വെടിവച്ചതിനാണ് എഎസ്ഐ പവൻ കുമാറിനെ സസ്പെൻഡ് ചെയ്തത്. ഒരു അഭിഭാഷകനെ ലോക്കപ്പിലിട്ടു പൂട്ടിയതിന് എഎസ്ഐ കാന്ത പ്രസാദിനെയും സസ്പെൻഡ് ചെയ്തു. വെടിവയ്ക്കാൻ ഉത്തരവിട്ടത് അഡീഷണൽ ഡിസിപി ഹരീന്ദർ സിംഗായിരുന്നു. ലാത്തിച്ചാർജ് നടത്താൻ നിർദേശിച്ചത് സ്പെഷൽ കമ്മീഷണർ സഞ്ജയ് സിംഗും. ഇക്കാര്യം രേഖപ്പെടുത്തിയ കോടതി ഇരുവരെയും സ്ഥലംമാറ്റാൻ ഉത്തരവിട്ടു.