സോഷ്യൽ മീഡിയയിൽ രസകരമായ പോസ്റ്റുകൾ പങ്കുവച്ച് ഡൽഹി പോലീസ് എപ്പോഴും ശ്രദ്ധ നേടാറുണ്ട്. തലസ്ഥാന നഗരിയിലെ താമസക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ഡൽഹി പോലീസ് രാപ്പകലില്ലാതെയാണ് പ്രവർത്തിക്കുന്നത്. അടിയന്തര സാഹചര്യങ്ങളിൽ എന്ത് പ്രശ്നമുണ്ടായാലും ആളുകൾക്ക് ഡൽഹി പോലീസിന്റെ സഹായം തേടാവുന്നതാണ്.
എന്നാൽ പോലീസിനോട് ഒരു യുവാവ് ചോദിച്ച സഹായമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഒരു ജീവിത പങ്കാളിയെ കണ്ടെത്തുന്നതിന് പോലീസ് സഹായിക്കണമെന്നാണ് യുവാവ് പറയുന്നത്. ഡിപ്പാർട്ട്മെന്റ് തനിക്ക് ഒരു കാമുകിയെ കണ്ടെത്തി തരണമെന്ന് പറയുന്ന യുവാവിന് ഡൽഹി പോലീസ് നൽകിയ മറുപടിയും ഇപ്പോൾ പ്രചരിക്കുകയാണ്.
അടുത്തിടെ എക്സിൽ രസകരമായ ഒരു പോസ്റ്റ് പങ്കിട്ട് യുവാവ് എഴുതിയത് ഇങ്ങനെ, “എപ്പോഴാണ് നിങ്ങൾ എനിക്കായി ഒരു കാമുകിയെ കണ്ടെത്തുന്നത്? ഞാൻ ‘സിഗ്നൽ’ ആണ്, ഡൽഹി പോലീസ്. ഇത് ന്യായമല്ല, എനിക്കായി ഒരു കാമുകിയെ കണ്ടെത്താൻ നിങ്ങൾ എന്നെ സഹായിക്കണം’.
പോസ്റ്റിൽ തന്റെ ആവശ്യത്തെക്കുറിച്ച് പറയുന്നതിനിടയിൽ യുവാവിന് അക്ഷര തെറ്റ് സംഭവിച്ചു. താൻ സിംഗിൾ ആണെന്നാണ് അയാൾ പറയാൻ ഉദ്ദേശിച്ചത് എന്നാൽ പോസ്റ്റിൽ “സിഗ്നൽ” എന്ന് എഴുതി. ഈ പോസ്റ്റ് ശ്രദ്ധയിൽപ്പെട്ട ഡൽഹി പോലീസ് ഉടൻ തന്നെ രസകരമായ ഒരു മറുപടിയും നൽകി.
ഒരു പെൺകുട്ടിയെ കാണാതായാൽ മാത്രമേ സഹായിക്കാനാകൂ എന്നാണ് പോലീസ് പരിഹസിച്ച് മറുപടി നൽകിയത്. യുവാവിന്റെ പോസ്റ്റിലെ പിശക് പരിശോധിച്ചുകൊണ്ട്, ഡൽഹി പോലീസ് ഒരു ടിപ്പും കൂടി പങ്കുവെച്ചു- “നിങ്ങൾ ഒരു ‘സിഗ്നൽ’ ആണെങ്കിൽ, നിങ്ങൾ ചുവപ്പല്ല, പച്ചയായി തുടരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.
വൈറലായ ഈ പോസ്റ്റിന്റെ കമന്റ് സെക്ഷനിൽ പോലീസിന്റെ നർമബോധത്തെ പ്രശംസിച്ച് നിരവധിപേരാണ് കമന്റുമായെത്തിയത്. ‘ഡൽഹി പോലീസ് റോക്ക്സ്’ എന്നാണ് പോസ്റ്റിൽ വന്ന ഒരു കമന്റ്.