രാജ്യതലസ്ഥാനത്ത് പൊതുസ്ഥലം കൈയേറി നടത്തിയിട്ടുള്ള നിര്മ്മാണങ്ങള് പൊളിച്ചുനീക്കി ഡല്ഹി പൊതുമരാമത്ത് വകുപ്പ്.
ഇതിന്റെ ഭാഗമായി ഭജന്പുര ചൗക്കിലെ ഹനുമാന് ക്ഷേത്രവും ദര്ഗയും അധികൃതര് പൊളിച്ചുമാറ്റി. അനിഷ്ട സംഭവങ്ങള് ഉണ്ടാകാതിരിക്കാന് പോലീസിനെയും സിആര്പിഎഫിനെയും വന്തോതില് വിന്യസിച്ചിട്ടുണ്ട്.
ഞായറാഴ്ച രാവിലെയാണ് നഗരത്തിലെ ഭജന്പുര മേഖലയില് അനധികൃതമായി നിര്മ്മിച്ച ഹനുമാന് ക്ഷേത്രവും മസാറും പൊതുമരാമത്ത് വകുപ്പ് പൊളിച്ചു നീക്കിയത്.
സഹരന്പൂര് ഹൈവേയുടെ വീതി കൂട്ടുന്നതിന്റെ ഭാഗമാണ് നടപടിയെന്നും വിവരമുണ്ട്. കനത്ത പൊലീസ് സിആര്പിഎഫ് സുരക്ഷയിലായിരുന്നു പൊളിക്കല് നടപടികള്.
ഭജന്പുര ചൗക്കിലെ പൊളിക്കല് നീക്കം സമാധാനപരമായാണ് നടക്കുന്നതെന്ന് നോര്ത്ത് ഈസ്റ്റ് ഡിസിപി ജോയ് എന് ടിര്ക്കി പറഞ്ഞു.
‘സഹരന്പൂര് ഹൈവേയിലേക്കുള്ള റോഡ് വീതി കൂട്ടുന്നതിനായി ഡല്ഹിയിലെ മതകാര്യ സമിതിയാണ് ഹനുമാന് ക്ഷേത്രവും ശവകുടീരവും നീക്കം ചെയ്യാന് തീരുമാനിച്ചത്. രണ്ട് കെട്ടിടങ്ങളും സമാധാനപരമായി നീക്കം ചെയ്തു’ ജോയ് കൂട്ടിച്ചേര്ത്തു.