ന്യൂഡൽഹി: കനത്തമഴയിൽ ഡൽഹിയിൽ രണ്ടുപേർ മരിച്ചു. ഗോസിപുരിൽ അമ്മയും കുഞ്ഞുമാണു മരിച്ചത്. ഖോഡ കോളനിക്കു സമീപത്തെ വെള്ളക്കെട്ടിൽ വീണ് 22കാരിയായ തനൂജയും മൂന്നു വയസുകാരൻ പ്രിയാൻഷും മുങ്ങിമരിക്കുകയായിരുന്നു.
വടക്കൻ ഡൽഹിയിലെ സബ്ജി മണ്ഡിയിൽ റോബില്‍ സിനിമയുടെ സമീപത്തെ വീടു തകര്‍ന്ന് ഒരാൾക്കു പരിക്കേറ്റു. നിരവധി വീടുകൾക്കും കെട്ടിടങ്ങൾക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. നഗരത്തിലെ പ്രധാന റോഡുകളെല്ലാം വെള്ളത്തിനടിയിലാണ്. വൻ ഗതാഗതക്കുരുക്കാണു നഗരത്തിൽ അനുഭവപ്പെട്ടത്. നിരവധി ആളുകൾ കുടുങ്ങി.
കാലാവസ്ഥാകേന്ദ്രം തലസ്ഥാനഗരിയിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഡൽഹിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയാണ്. അത്യാവശ്യകാര്യങ്ങൾക്കല്ലാതെ വീടിനു വെളിയിൽ ഇറങ്ങരുതെന്നു മുന്നറിയിപ്പു നൽകിയിട്ടുണ്ട്. ഡൽഹി-നോയിഡ എക്സ്പ്രസ് വേയിലും വൻ ഗതാഗതക്കുരുക്കുണ്ടായി.
നോയിഡയിൽ ഇന്നലെ രാത്രി പെയ്ത മഴയിൽ നിരവധി അടിപ്പാതകൾ വെള്ളത്തിനടിയിലായി. ലുട്ടിയൻസ് ഡൽഹിയിലെ റോഡുകളിലും ഗുരുഗ്രാം, നോയിഡ, ഗാസിയാബാദ്, ഫരീദാബാദ് എന്നിവിടങ്ങളിലെ റോഡുകളിലും ഗതാഗതം താറുമാറായി. കൊണാട്ട് പ്ലേസിൽ നിരവധി കടകളിലും റസ്റ്ററന്റുകളിലും വെള്ളം കയറി. മൂന്ന് യുപിഎസ്സി പരിശീലനാർഥികൾ മുങ്ങിമരിച്ച കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതിചെയ്യുന്ന രജീന്ദർ നഗർ വെള്ളത്തിൽ മുങ്ങി.
മഴ വ്യോമഗതാഗതത്തെയും തടസപ്പെടുത്തി. ഡൽഹിയിലേക്കുള്ള പത്തു വിമാനങ്ങൾ ജയ്പുരിലേക്കും ലക്നൗവിലേക്കും തിരിച്ചുവിട്ടു. കാലാവസ്ഥാ വ്യതിയാനം മൂലം കൂടുതൽ വിമാനങ്ങൾ റദ്ദാക്കുകയോ, വഴിതിരിച്ചുവിടുകയോ ചെയ്യുമെന്ന് അധികൃതർ അറിയിച്ചു. വെള്ളക്കെട്ട് റെയിൽ ഗാതാഗതത്തെയും ബാധിച്ചിട്ടുണ്ട്.