ന്യൂഡൽഹി: ഡൽഹിയിലെ 44 സ്കൂളുകൾക്ക് ബോംബ് ഭീഷണി. ഡിപിഎസ് ആർകെ പുരം, പശ്ചിമ വിഹാറിലെ ജിഡി ഗോയങ്ക എന്നിവയുൾപ്പെടെയുള്ള വിദ്യാലയങ്ങൾക്കാണ് ബോംബ് ഭീഷണി. ഇന്നലെ രാത്രി 11.38നാണ് ഡൽഹി പോലീസിന് ഇ മെയിലിൽ ഭീഷണിസന്ദേശം ലഭിച്ചത്. ബോംബ് നിർവീര്യമാക്കാൻ 30,000 ഡോളർ (25 ലക്ഷത്തിലേറെ രൂപ) ആവശ്യപ്പെട്ടതായും പോലീസ് പറഞ്ഞു.
ഭീഷണിയെത്തുടർന്ന് സ്കൂളുകൾ അടച്ചു. വിദ്യർഥികളെ തിരിച്ചയച്ചു. ഫയർഫോഴ്സ്, ഡോഗ് സ്ക്വാഡ്, ബോംബ് ഡിറ്റക്ഷൻ ടീം, പോലീസ് എന്നിവരടക്കം സ്കൂളിലെത്തി തെരച്ചിൽ നടത്തുകയാണ്.
കെട്ടിടങ്ങൾക്കുള്ളിൽ ഒന്നിലധികം ബോംബുകൾ സ്ഥാപിച്ചിട്ടുണ്ടെന്നാണ് ഇ മെയിൽ അവകാശപ്പെടുന്നത്. കെട്ടിടങ്ങൾക്കു വൻനാശനഷ്ടം സംഭവിക്കില്ലെങ്കിലും നിരവധി ആളുകൾ മരിക്കാനും അംഗഭംഗം വരുത്താനും സ്ഫോടനങ്ങൾക്കു കഴിയുമെന്ന് ഇ-മെയിലിലുണ്ട്.
സംഭവത്തിൽ ഡൽഹി പോലീസ് ഊർജിത അന്വേഷണം ആരംഭിച്ചു.ഒക്ടോബറിൽ രോഹിണിയിലെ പ്രശാന്ത് വിഹാർ സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് (സിആർപിഎഫ്) സ്കൂളിനു പുറത്ത് സ്ഫോടനം സംഭവിച്ചിരുന്നു. സ്ഫോടനത്തിൽ സ്കൂൾ മതിലിനും സമീപത്തെ കടകൾക്കും വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു.