പത്ത് ലക്ഷം രൂപയ്ക്ക് താഴെ ഒരു ബെൻസ് കിട്ടിമോ? എങ്കിൽ കിട്ടും. പല വാഹനപ്രേമികളുടെയും ആഗ്രഹമാണ് സ്വന്തമായൊരു ആഡംബര കാറ്. എന്നാൽ ഏകദേശം അമ്പത് ലക്ഷത്തോളം രൂപയാകും ഇവ സ്വന്തമാക്കാൻ. ഇത് എല്ലാവർക്കും സാധിക്കുന്ന കാര്യമല്ല.
അപ്പോഴാണ് വമ്പിച്ച വിലക്കുറവിൽ സ്വപ്ന ബ്രാൻഡിലുള്ള കാർ സ്വന്തമാക്കാൻ അവസരമെത്തുന്നത്. പത്ത് വർഷം പഴക്കമുള്ള വാഹനങ്ങൾക്ക് ഡൽഹിയിൽ നിരോധനം ഏർപ്പെടുത്തിയതോടെ രാജ്യതലസ്ഥാനം സെക്കന്റ് ഹാൻഡ് വാഹനങ്ങളുടെ ഏറ്റവും വലിയ വിൽപനകേന്ദ്രമായി മാറി.
കടുത്ത അന്തരീക്ഷ മലിനകരണം നേരിടുന്ന ഡൽഹിയിൽ 2018ൽ സുപ്രീം കോടതി, പത്ത് വർഷത്തിലധികം പഴക്കമുള്ള ഡീസൽ വാഹനങ്ങളും പെട്രോൾ വാഹനങ്ങളും നിരോധിച്ചിരുന്നു. കാലാവധി കഴിഞ്ഞ ഉപയോഗിക്കാൻ സാധിക്കാത്ത ആഡംബര വാഹനങ്ങൾ കുറഞ്ഞ വിലയ്ക്കാണ് ഡൽഹിയിൽ വിൽക്കപ്പെടുന്നത്.
ഡൽഹിയിൽ നിന്ന് ഇത്തരത്തിലുള്ള വാഹനങ്ങൾ കേരളത്തിലെത്തിക്കാൻ പ്രത്യേക ഏജൻസികൾ തന്നെ പ്രർത്തിക്കുന്നുണ്ട്. വണ്ടിയുടെ വലിപ്പവും വിലയുമനുസരിച്ച് 30000 രൂപ മുതൽ 50000 രൂപവരെ നൽകിയാൽ കാറുകൾ ഇവർ കേരളത്തിലെത്തിക്കും. കേരളത്തിലെത്തുന്ന ഈ കാറുകൾ ഇവിടുത്തെ ആർടിഒകളിൽ രജിസ്റ്റർ ചെയ്താണ് വിൽക്കുന്നത്.