തിരുവനന്തപുരം: കേന്ദ്രസർക്കാരിൽ നിന്നും കേരളത്തിന് 57800 കോടി രൂപ കിട്ടാനുണ്ടെന്ന് സർക്കാർ പറയുന്നത് പച്ചകള്ളമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഡൽഹിയിൽ നടത്തുന്ന സമരം ജനങ്ങളെ കബളിപ്പിക്കാനാണ്.
മുഖ്യമന്ത്രി പിണറായി വിജയനും ബിജെപി സർക്കാരുമായി ഒത്തുകളിയും അന്തർധാരയുമുണ്ട്. മുഖ്യമന്ത്രിക്കെതിരെയും എസ്എഫ്ഐഒയുടെ അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
സർക്കാർ ഊതിവീർപ്പിച്ച പല കണക്കുകൾ പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കുകയാണ്. നിയമസഭയിൽ ഒരു കണക്കും പുറത്ത് മറ്റൊരു കണക്കുമാണ് സർക്കാർ പറയുന്നത്. നിയമസഭയിൽ സർക്കാരിന്റെ കള്ളക്കണക്ക് പ്രതിപക്ഷം പൊളിച്ചടുക്കിയതാണ്.
കേന്ദ്രത്തിന്റെ അവഗണന പല ഘടകങ്ങളിൽ ഒന്ന് മാത്രമാണ്. സംസ്ഥാന സർക്കാരിന്റെ ധൂർത്തും കെടുകാര്യസ്ഥതയും മറച്ച് വയ്ക്കാൻ ജനങ്ങളെ കബളിപ്പിക്കുന്ന സമരമാണ് ഇപ്പോൾ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. കർണാടക സർക്കാർ കേന്ദ്രസർക്കാരിനെതിരെ നടത്തിയ സമരത്തെ പിന്തുണയ്ക്കുന്നു.
കേന്ദ്രമന്ത്രി വി. മുരളീധരനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിൽ പല കാര്യങ്ങളിലും അഡ്ജസ്റ്റ്മെന്റ് നടക്കുകയാണ്. സിപിഎമ്മും സംഘപരിവാറും തമ്മിലുള്ള ഇടനിലക്കാരനാണ് വി. മുരളീധരൻ.
മുഖ്യമന്ത്രിക്കെതിരെയുള്ള കേന്ദ്ര ഏജൻസികളുടെ അന്വേഷണങ്ങളിലെല്ലാം മുഖ്യമന്ത്രിയെ സഹായിക്കുന്നത് വി. മുരളീധരനാണ്. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെതിരെയുള്ള കള്ളപ്പണ കേസിൽ ഒത്തുകളി നടത്തിയത് ഇതിന് ഉദാഹരണമാണ്. എസ്എഫ്ഐഒ ഇപ്പോൾ നടത്തുന്ന അന്വേഷണം അഡ്ജസ്റ്റ്മെന്റാണ്.
അന്വേഷണത്തിന് എട്ടു മാസം എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് പ്രതിപക്ഷ നേതാവ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.