ന്യൂഡല്‍ഹി: വ്യാജ ഡോക്ടർമാർ ശസ്ത്രക്രിയ നടത്തിയതിനു പിന്നാലെ 45കാരന് ദാരുണാന്ത്യം. ഗ്രേറ്റര്‍ കൈലാഷില്‍ പ്രവർത്തിക്കുന്ന അഗർവാൾ മെഡിക്കൽ സെന്റർ ആശുപത്രിയിലാണു സംഭവം.
ബന്ധുക്കളുടെ പരാതിയെത്തുടർന്ന് നാലു വ്യാജ ഡോക്ടർമാരെ പോലീസ് അറസ്റ്റ് ചെയ്തു. ആശുപത്രി ഉടമ നീരജ് അഗർവാൾ, ഇയാളുടെ ഭാര്യ പൂജ, ജസ്പ്രീത് സിംഗ്, മുൻ ലാബ് ടെക്നീഷ്യന് മഹേന്ദ്രർ സിംഗ് എന്നിവരാണു പിടിയിലായത്.
ചെറിയ ആരോഗ്യപ്രശ്നങ്ങളുമായി ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ 45കാരനാണു മരിച്ചത്. പരിശോധനയ്ക്കുശേഷം ശസ്ത്രക്രിയ വേണമെന്ന് രോഗിയോട് വ്യാജസംഘം ആവശ്യപ്പെടുകയായിരുന്നു.
ശസ്ത്രക്രിയ നടത്തിയതിനു പിന്നാലെ രോഗി മരണപ്പെട്ടു. വ്യാജന്മാർ പിടിയിലായതിനെത്തുടർന്ന് ചികിത്സാപ്പിഴവുകൾ നേരിട്ട നിരവധി പേർ പരാതികളുമായി പോലീസിനെ സമീപിച്ചു.
കഴിഞ്ഞവർഷം പ്രസവത്തിനായി ആശുപത്രിയിലെത്തിച്ച യുവതിയും ശസ്ത്രക്രിയയ്ക്കുശേഷം മരണപ്പെട്ടിരുന്നു. ആശുപത്രിക്കെതിരേ പ്രത്യേക സംഘം രൂപീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.