ന്യൂഡൽഹി: ഡൽഹി സർവകലാശാലയ്ക്കു കീഴിലുള്ള സെന്റ് സ്റ്റീഫൻസ് കോളജിലെ ചാപ്പലിൽ വർഗീയവിദ്വേഷം പരത്തുന്ന ചുവരെഴുത്തുകൾ. പ്രധാന വാതിലിലും പുറത്തുള്ള കുരിശിലുമാണ് വിവാദ എഴുത്തുകൾ. മന്ദിർ യഹി ബനേഗ (ക്ഷേത്രം ഇവിടെ പണിയും) എന്നാണ് ചാപ്പലിന്റെ വാതിലിൽ എഴുതിയത്. കുരിശിൽ ഓം ചിഹ്നത്തിനൊപ്പം ഐ ആം ഗോയിംഗ് ടു ഹെൽ (ഞാൻ നരകത്തിലേക്കു പോകുന്നു) എന്ന്് എഴുതി. വെള്ളിയാഴ്ചയാണ് ഇത് ശ്രദ്ധയിൽ പെട്ടതെന്നു വിദ്യാർഥി യൂണിയൻ പ്രസിഡന്റ് സായ് ആശിർവാദ് പറഞ്ഞു
കോളജിലെ ഉദ്യോഗസ്ഥർ എഴുത്ത് മായ്ച്ചു കളഞ്ഞു. സെന്റ് സ്റ്റീഫൻസ് കോളജിന്റെ കാന്പസിനകത്തു ഇത്തരത്തിലൊരു വിവാദ എഴുത്ത് പ്രത്യക്ഷപ്പെട്ടത് രാജ്യത്തിന്റെ തന്നെ മതേതരത്വത്തിന് ഭീഷണി ഉയർത്തുന്നതാണെന്ന് എൻഎസ്യുഐ വക്താവ് നീരജ് മിശ്ര പറഞ്ഞു.
സംഭവത്തിൽ അടിയന്തര അന്വേഷണം നടത്തി ഉടൻ കുറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്ന് എബിവിപി ഡൽഹി സംസ്ഥാന സെക്രട്ടറി ഭരത് കുമാർ ആവ ശ്യപ്പെട്ടു. കർശന നടപടി വേണമെന്ന് ഡൽഹി യൂണിവേഴ്സിറ്റി എക്സിക്യൂട്ടീവ് കൗണ് സിൽ അംഗം രാജേഷ് കുമാറും പറഞ്ഞു.
ഡൽഹിയിൽ തുഗ്ലക്കിന്റെ കാലത്തെ ശവകുടീരം പെയിന്റടിച്ച് ക്ഷേത്രമാക്കി
ന്യൂഡൽഹി: മുഗൾ കാലഘട്ടത്തിലെ ശവകുടീരം വെള്ളയും കാവിയും പെയിന്റടിച്ചു ക്ഷേത്രമാക്കി മാറ്റി. ഡൽഹി സഫ്ദർജംഗ് എൻക്ലേവിലെ ഹുമയൂണ്‍ പുരിൽ പതിന്നാലാം നൂറ്റാണ്ടിൽ നിർമിച്ച ശവകുടീരമാണ് രണ്ടു മാസം മുൻപ് പെയിന്റടിച്ചു ക്ഷേത്രമാക്കി മാറ്റിയത്. സംഭവത്തിൽ അടിയന്തര അന്വേഷണം വേണമെന്ന് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ആവശ്യപ്പെട്ടു.
മുഹമ്മദ് ബിൻ തുഗ്ലക്കിന്റെ കാലഘട്ടത്തിൽ നിർമിച്ച ഈ പുരാണ സ്മാരകം ശവകുടീരമാണെന്നാണ് ഇന്ത്യൻ നാഷണൽ ട്രസ്റ്റ് ഫോർ കൾച്ചറൽ ഹെറിറ്റേജിന്റെ രേഖകളിൽ പറയുന്നത്. എന്നാൽ, കഴിഞ്ഞ മാർച്ചിൽ ഇവിടെ പ്രദേശവാസികളായ ചിലർ കാവിയും വെള്ളയും പൂശി ഹൈന്ദവ ദേവീദേവന്മാരുടെ വിഗ്രഹങ്ങൾ സ്ഥാപിച്ച് ആരാധന തുടങ്ങുകയായിരുന്നു. പ്രദേശത്തെ സമാധാനാന്തരീക്ഷം തകർക്കാനുള്ള ശ്രമം കൂടി ഇതിനു പിന്നിലുണ്ടെന്നും എത്രയും പെട്ടെന്നു റിപ്പോർട്ട് നൽകണമെന്നുമാണ് ഉപമുഖ്യമന്ത്രിയുടെ നിർദേശം.
പോലീസിൽ പരാതി നൽകിയിരുന്നെന്നാണ് സംസ്ഥാന ആർക്കിയോളജി വിഭാഗം തലവൻ വികാസ് മാലൂ പറഞ്ഞത്. മാർച്ചിലാണ് പരാതി നൽകിയത്. ഉദ്യോഗസ്ഥരില്ലെന്ന് പറഞ്ഞു പോലീസ് നടപടിയെടുത്തില്ല. അടുത്ത ദിവസങ്ങളിൽ തന്നെ പോലീസ് സുരക്ഷയോടെ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും വികാസ് പറഞ്ഞു.
എന്നാൽ, പെയിന്റിംഗ് നടന്നതും വിഗ്രഹങ്ങൾ സ്ഥാപിച്ചതും കഴിഞ്ഞ മാർച്ചിലാണെങ്കിലും ഇത് വളരെക്കാലമായി ക്ഷേത്രമാണെന്നാണ് ചില പ്രദേശ വാസികൾ പറയുന്നത്. ഇവിടെ സ്ഥാപിച്ചിരിക്കുന്ന ഒരു മാർബിൾ ഫലകത്തിൽ 1971ൽ സ്ഥാപിച്ച ഭോല ശിവ മന്ദിർ എന്നാണ് എഴുതിയിരിക്കുന്നത്. എന്നാൽ, പുരാവസ്തു വകുപ്പിന്റെ രേഖകൾ പ്രകാരം എഡി 1320ലുള്ള ശവകുടീരമാണിത്.
നൂറ്റാണ്ടുകൾ മുന്‍പേ ക്ഷേത്രം ആയിരുന്നെന്ന് അവകാശപ്പെട്ടാണ് മുൻ ബിജെപി കൗണ്‍സിലർ ശൈലേന്ദ്ര സിംഗിന്റെ നേതൃത്വത്തിൽ പുനർ നാമകരണവും വിഗ്രഹസ്ഥാ പനവും നടന്നത്. നിയമവിരുദ്ധ നീക്കം അംഗീകരിക്കില്ലെന്ന് വകുപ്പ് വ്യക്തമാക്കിയെങ്കിലും അധികൃതരെ സ്ഥലത്തേക്ക് പ്രവേശിപ്പിക്കില്ലെന്നാണ് ചില പ്രദേശവാസികളുടെയും രാഷ്ട്രീയ പാർട്ടിയുടെയും നിലപാട്.