തിരുവനന്തപുരം: ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനുശേഷമുള്ള ആദ്യ ട്രെയിൻ നാളെ ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്തെത്തും. വിദേശങ്ങളിൽ കുടുങ്ങിയ ഇന്ത്യാക്കാരെ നാട്ടിലെത്തിക്കാൻ പ്രത്യേക വിമാന സർവീസ് തുടങ്ങിയതിനു പിന്നാലെയാണ് പ്രത്യേക ട്രെയിൻ സംസ്ഥാനത്തേക്ക് വരുന്നത്.
നാളെ പുലർച്ചെ അഞ്ചരയ്ക്ക് ട്രെയിൻ തന്പാനൂർ സ്റ്റേഷനിലെത്തും. എഴുനൂറോളം യാത്രക്കാർ തിരുവനന്തപുരത്തെത്തുമെന്നാണ് കണക്കാക്കുന്നത്.
തിരുവനന്തപുരം കൂടാതെ കോഴിക്കോടും എറണാകുളത്തുമാണ് ട്രെയിനിന് സ്റ്റോപ്പുള്ളത്. തന്പാനൂർ സ്റ്റേഷനിൽ യാത്രക്കാരെ പരിശോധിക്കാനായി 15 ടേബിളുകൾ ഒരുക്കിയിട്ടുണ്ട്. രോഗ ലക്ഷണങ്ങളുള്ള യാത്രക്കാരെ പ്രത്യേക വഴിയിലൂടെ ആശുപത്രിയിലേക്ക് കൊണ്ടു പോകും.
തന്പാനൂർ സ്റ്റേഷനിൽ എത്തുന്നവരെ വിവിധ സ്ഥലങ്ങളിലേക്ക് കൊണ്ടുപോകാൻ കെഎസ്ആർടിസി ബസുകൾ തയ്യാറാക്കിയിട്ടുണ്ട്. വീടുകളിലേക്ക് പോകുന്നവർ 14 ദിവസം നിരീക്ഷണത്തിൽ കഴിയണം.
യാത്രക്കാരെ സ്വീകരിക്കാൻ തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം സ്റ്റേഷനിൽ ഒരുക്കങ്ങൾ ഇന്നലെ ത്തനെന പൂർത്തിയായി. സാമൂഹിക അകലം പാലിക്കാൻ പ്ലാറ്റ് ഫോമുകളിൽ മാർക്ക് ചെയ്യുന്ന ജോലികളും പൂർത്തിയായി.
എറണാകുളത്തേക്ക് 250 യാത്രക്കാർ ആണുള്ളത്. നാളെ രാത്രി ഏഴേമുക്കാലിന് ട്രെയിൻ തിരുവനന്തപുരത്തു നിന്നും ഡൽഹിയിലേക്ക് തിരിച്ചുപോകും.
അതേസമയം എ.സി കോച്ചുകളിൽ യാത്രക്കാരെ കൊണ്ടു വരുന്നതിനെതിരെ ആരോഗ്യപ്രവർത്തകരുടെ പ്രതിഷേധം കണക്കിലെടുത്ത് റെയിൽവേ സ്റ്റേഷനുകളിൽ സരക്ഷാ സംവിധാനങ്ങൾ കർശനമാക്കിയിട്ടുണ്ട്.