തിരുവനന്തപുരം: രാജ്യത്ത് ലോക്ക് ഡൗൺ ഏർപ്പെടുത്തിയതിനുശേഷമുള്ള ആദ്യ സ്പെഷൽ ട്രെയിൻ ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്തെത്തി. ഇന്നു പുലർച്ചെ 5.15നാണ് ട്രെയിൻ (02432) രാജധാനി സൂപ്പർഫാസ്റ്റ് തന്പാനൂർ റെയിൽവേസ്റ്റേഷനിലെത്തിയത്.
തിരുവനന്തപുരത്തേക്ക് നാനൂറോളം യാത്രക്കാരുണ്ടായിരുന്നു. നേരത്തെ 603 പേർ തിരുവനന്തപുരത്ത് എത്തുമെന്നാണ് അറിയിപ്പുണ്ടായിരുന്നത്. കേരളത്തിലെത്തിയ യാത്രക്കാരിൽ ഏഴു പേർക്ക് കോവിഡ് രോഗലക്ഷണം കണ്ടെത്തി.
തിരുവനന്തപുരത്തെത്തിയ ഒരു യാത്രക്കാരനും കോഴിക്കോട്ടെത്തിയ ആറു പേർക്കുമാണ് രോഗലക്ഷണം കണ്ടെത്തിയത്. തിരുവനന്തപുരത്തെത്തിയ പത്തനംതിട്ട സ്വദേശിക്കാണ് കോവിഡ് ലക്ഷണങ്ങൾ കണ്ടത്. ഇയാളെ തിരുവനന്തപുരം ജനറൽ ആശുപത്രിയിലേക്ക് മാറ്റിയത്. രോഗലക്ഷണമുള്ളവരോടൊപ്പം യാത്ര ചെയ്തവരെ നിരീക്ഷണത്തിലാക്കി.
കേരളത്തിലെ ആദ്യ സ്റ്റോപ്പായ കോഴിക്കോട്ട് ഇന്നലെ രാത്രി 10നാണ് ട്രെയിൻ എത്തിയത്. 198 യാത്രക്കാരാണ് ഇവിടെ ഇറങ്ങിയത്. കോഴിക്കോട്ടെത്തിയ യാത്രക്കാരിൽ ആറു പേർക്ക് രോഗലക്ഷണങ്ങൾ കണ്ടെത്തിയതിനാൽ അവരെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം എന്നിങ്ങനെ മൂന്ന് സ്റ്റോപ്പുകളാണ് ഉണ്ടായിരുന്നത്. രാവിലെ 1.40നാണ് ട്രെയിൻ എറണാകുളത്തെത്തിയത്. 269 യാത്രക്കാർ എറണാകുളത്ത് ഇറങ്ങി. ആയിരത്തോളം യാത്രക്കാരുമായാണ് ട്രെയിൻ കേരളത്തിലെത്തിയത്.
മധ്യകേരളത്തിൽ നിന്നുള്ള യാത്രക്കാരും ലക്ഷദ്വീപിൽ നിന്നുള്ള രണ്ട് യാത്രക്കാരും എറണാകുളത്ത് ഇറങ്ങി. കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, വയനാട്, പാലക്കാട് എന്നീ ജില്ലകളിലേക്കുള്ള യാത്രക്കാര്‍ കോഴിക്കോടാണ് ഇറങ്ങിയത്.
തിരുവനന്തപുരത്ത് സുരക്ഷാ സജ്ജീകരണങ്ങളുടെ ഭാഗമായി 20 സംഘങ്ങളായി സാമൂഹിക അകലം പാലിച്ചാണ് യാത്രക്കാരെ പുറത്തിറക്കിയത്. യാത്രക്കാരുടെ രേഖകൾ പരിശോധിച്ചതിനുശേഷം വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി.
നാലു ഗേറ്റുകൾ വഴിയാണ് യാത്രക്കാരെ പുറത്തെത്തിച്ചത്. രോഗലക്ഷണങ്ങളില്ലാത്തവർക്ക് 14 ദിവസം വീടുകളിൽ ക്വാറന്റൈൻ അനുവദിച്ചു. യാത്രക്കാരെ കെഎസ്ആർടിസി ബസുകളിയാണ് നാട്ടിലേക്കയത്. 25 പേര്‍ക്ക് മാത്രമേ ഒരു ബസ്സില്‍ പോകാനനുവാദമുള്ളൂ. പത്തനംതിട്ടയിലേക്കാണ് ആദ്യ ബസ് പോയത്.
യാത്രക്കാരെ കൊണ്ടുപോകാനെത്തിയ വാഹനങ്ങൾ പാർക്ക് ചെയ്യുന്നിടത്തേക്കും കെഎസ്ആർടിസി സർവീസ് അനുവദിച്ചു. ഡ്രൈവർ മാത്രമുള്ള ബസുകളാണ് യാത്രക്കാർക്കായി ഏർപ്പെടുത്തിയത്. തന്പാനൂരിൽ പ്ലാറ്റ്ഫോം നന്പർ രണ്ട്, മൂന്ന് എന്നിവയാണ് സ്പെഷൽ ട്രെയിനുകൾക്കായി അനുവദിച്ചത്.
പുറത്തിറങ്ങുന്ന യാത്രക്കാർക്ക് ജില്ലാടിസ്ഥാനത്തിൽ വാഹനങ്ങൾ പാർക്ക് ചെയ്ത് പോകുന്നതിനായി പ്രത്യേക സൗകര്യമൊരുക്കിയിരുന്നു. യാത്രക്കാർക്ക് സഹായത്തിനായി റെയിൽവേ സ്റ്റേഷനില്‍ പോലീസ് ഹെൽപ്പ് ഡെസ്ക്കും സജ്ജമാക്കിയിരുന്നു. പോലീസുകാരുടെ സുരക്ഷാവലയത്തിൽ ആണ് യാത്രക്കാരെ പുറത്തേക്ക് വിട്ടത്.
ട്രെയിനില്‍ എത്തുന്ന എല്ലാവരും ആരോഗ്യ വകുപ്പിന്റെയും പോലീസിന്റെയും ജാഗ്രത നിര്‍ദേശങ്ങള്‍ പാലിച്ചു ഹോംക്വാറന്റൈനില്‍ കഴിയണം. ക്വാറന്റൈന് ലംഘനം നടത്തുന്നവരെ സർക്കാർ ക്വാറന്റൈന് കേന്ദ്രത്തിലേയ്ക്ക് മാറ്റുന്നതോടൊപ്പം ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുമെന്നും കഴിഞ്ഞ ദിവസം പോലീസ് കമ്മീഷണർ ബൽറാം കുമാർ ഉപാദ്ധ്യായഅറിയിച്ചിരുന്നു.
ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍നിന്ന് ബുധനാഴ്ച രാവിലെ 11.25-നാണ് സ്പെഷൽ ട്രെയിൻ യാത്ര തുടങ്ങിയത്. ഇന്നു വൈകിട്ട് തിരുവനന്തപുരത്തു നിന്ന് ഡൽഹിയിലേക്ക് ട്രെയിൻ യാത്ര തിരിക്കും.