ഫേസ്ബുക്കില്‍ എങ്ങനെ പോസ്റ്റുകള്‍ എഴുതാം എന്നതിനെക്കുറിച്ച് പഠിപ്പിക്കാനൊരുങ്ങി ഡല്‍ഹി സര്‍വകലാശാല. എഴുത്തുകാരന് ചേതന്‍ ഭഗതിന്റെ നോവല്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കി മാറ്റിയതുമായി ബന്ധപ്പെട്ട അഭിപ്രായവ്യത്യാസങ്ങളും വിവാദങ്ങളും അടങ്ങുന്നതിന് മുമ്പെയാണ് അടുത്ത തീരുമാനവുമായി സര്‍വകലാശാല രംഗത്ത് വന്നിരിക്കുന്നത്. സര്‍വകലാശാലയിലെ ഇംഗ്ലീഷ് സാഹിത്യവിഭാഗം വിദ്യാര്‍ഥികളെയാണ് ഫേസ്ബുക്ക് പോസ്റ്റെഴുതാന്‍ പഠിപ്പിക്കുക. അക്കാദമിക് റൈറ്റിങ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയാണ് ഫേസ്ബുക്ക് പോസ്റ്റ് എഴുതാന്‍ പഠിപ്പിക്കുക. ഇതു സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ സര്‍വകലാശാലയ്ക്ക് കീഴിലുള്ള കോളജുകള്‍ക്ക് അയച്ചുകൊടുത്തു കഴിഞ്ഞു. ഇതിന്റെ പ്രതികരണങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതികരണങ്ങള്‍ അറിഞ്ഞതിന് ശേഷം മാത്രമെ അന്തിമ തീരുമാനമുണ്ടാകു. ഏതായാലും മെയ് ഒന്നിനകം ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകും എന്നാണ് വിവരം.
നൈപുണ്യവികസത്തിന്റെ ഭാഗമായാണ് പുതിയ തീരുമാനം. ഗഹനമായ വിഷയങ്ങളില്‍ മാത്രമൊതുങ്ങുന്നതല്ല എഴുത്തെന്നും മറിച്ച് കവറിങ് ലെറ്ററുകള്‍, ബ്ലോഗെഴുത്തുകള്‍, ഫേസ്ബുക്ക് പോസ്റ്റുകള്‍ എന്നിവയൊക്കെയും എഴുത്തുകളാണെന്നാണ് സര്‍വകലാശാല ഇംഗ്ലീഷ് വിഭാഗം പറയുന്നത്. വിഷയത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് എക്സിക്യൂട്ടീവ് കൗണ്‍സിലാണ്. നേരത്തെ ചേതന്‍ ഭഗതിന്റെ ഫൈവ് പോയിന്റ് സംവണ്‍ എന്ന നോവലിനെ ജനറല്‍ എലക്ടീവ് വിഭാഗത്തില്‍ പെടുത്തി പഠിപ്പിക്കാന്‍ തീരുമാനിച്ചത് സോഷ്യല്‍ മീഡിയില്‍ വന്‍ വിമര്‍ശനത്തിനാണ് വഴിതെളിച്ചത്. അതിന് പിന്നാലെയാണ് സര്‍വകലാശാലയുടെ ഈ പുതിയ തീരുമാനം വന്നിരിക്കുന്നത്. ഫേസ്ബുക്കിനെ സിലബസിന്റെ ഭാഗമാക്കുന്ന ആദ്യ സര്‍വകലാശാലയാണ് ഡല്‍ഹി. യുകെയിലെ സാല്‍ഫോഡ് സര്‍വകലാശാല സോഷ്യല്‍ മീഡിയ എന്ന വിഷയത്തില്‍ മാസ്റ്റര്‍ ബിരുദം നല്‍കുന്നുണ്ട്. 2009 ലാണ് സാല്‍ഫോഡില്‍ ഇങ്ങനെയൊരു കോഴ്സ് ആരംഭിച്ചത്.