പുതിയ ആകാശം തേടി ഡല്‍ഹിയിലെ നിര്‍ഭയയുടെ സഹോദരന്‍! പൈലറ്റ് കോഴ്‌സ് പൂര്‍ത്തിയാക്കുന്നതിനുള്ള മുഴുവന്‍ സഹായവും നല്‍കിയത് രാഹുല്‍ ഗാന്ധി

രാജ്യത്തിന്റെ എക്കാലത്തെയും വലിയ ദൂഖമായി മാറിയ ഡല്‍ഹിയിലെ നിര്‍ഭയ എന്നു നാം വിളിക്കുന്ന പെണ്‍കുട്ടിയുടെ സഹോദരന് പുതുജീവിതത്തിലേയ്ക്ക് കാല്‍വയ്പ്പ്. പൈലറ്റായാണ് ആ സഹോദരന്‍ ജീവിതം ആരംഭിക്കാനിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ റായ്ബറേലി ഇന്ദിരാഗാന്ധി രാഷ്ട്രീയ ഉഡാന്‍ അക്കാദമിയില്‍നിന്നു (ഐജിആര്‍യുഎ) പൈലറ്റ് കോഴ്‌സ് പൂര്‍ത്തിയാക്കുന്നതിന് എല്ലാ സഹായവും നല്‍കിയതാകട്ടെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും. ഇക്കാര്യം പുറത്തറിയുന്നതു രാഹുല്‍ വിലക്കിയിരുന്നെങ്കിലും നിര്‍ഭയയുടെ അമ്മയെ സന്ദര്‍ശിച്ച വിദേശമാധ്യമ പ്രതിനിധിയിലൂടെയാണു വാര്‍ത്ത പുറത്തുവന്നത്. ഡല്‍ഹിയില്‍ ബസ് യാത്രയ്ക്കിടെ പീഡനത്തിനിരയായി കൊല്ലപ്പെട്ട നിര്‍ഭയയുടെ രണ്ടു സഹോദരന്‍മാരില്‍ മൂത്തയാളാണു പൈലറ്റ് പരിശീലനം പൂര്‍ത്തിയാക്കിയത്. 2012ലെ കറുത്തദിനങ്ങളില്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു സഹോദരന്‍.

പ്രതികളില്‍ ഒരാള്‍ക്കു പ്രായപൂര്‍ത്തിയായില്ലെന്ന പേരില്‍ മൂന്നു വര്‍ഷം മാത്രം തടവുശിക്ഷ വിധിച്ചതിനെതിരെ യുവാവു പ്രകടിപ്പിച്ച രോഷം മാധ്യമശ്രദ്ധ നേടിയിരുന്നു. മകനു പൈലറ്റ് പഠനത്തിനു പ്രവേശനം നേടിക്കൊടുത്തതും കോഴ്‌സ് പൂര്‍ത്തിയാക്കാന്‍ എല്ലാ സഹായവും ചെയ്തതും രാഹുല്‍ ഗാന്ധിയാണെന്നു വ്യക്തമാക്കിയ നിര്‍ഭയയുടെ അമ്മ ആശാ ദേവി, ആ വലിയ മനസ്സിന് നന്ദിയും അറിയിച്ചു. ഇളയമകന്‍ പൂനെയില്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയാണ്. ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തില്‍ സ്വകാര്യ കമ്പനിയുടെ കരാര്‍ ജീവനക്കാരനായിരുന്ന നിര്‍ഭയയുടെ പിതാവ് ബി.എന്‍.സിങ്ങിനു പിന്നീടു ജോലി സ്ഥിരപ്പെടുത്തി നല്‍കി. നിര്‍ഭയയുടെ കുടുംബത്തിനു ചെയ്യുന്ന സഹായങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തറിയരുതെന്നു പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കു രാഹുല്‍ ഗാന്ധി കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.

 

 

Related posts