ന്യൂഡൽഹി: മഴയുടെ കളിക്കു മുന്നിൽ രാജസ്ഥാൻ റോയൽസ് പരാജയപ്പെട്ടു. മഴയെ തുടർന്ന്, 12 ഓവറിൽ 151 റണ്‍സ് എന്ന പുനർനിർണയിച്ച കൂറ്റൻ ലക്ഷ്യത്തിലേക്കു ബാറ്റുവീശിയ രാജസ്ഥാൻ നിശ്ചിത ഓവറിൽ നാലു റണ്‍സ് അകലെ 146/5 എന്ന സ്കോറിൽ പോരാട്ടം അവസാനിപ്പിച്ചു.
ജോസ് ബട്ലർ(26 പന്തിൽ 67), ഡാർസി ഷോർട്ട്(25 പന്തിൽ 44) എന്നിവർ പൊരുതിനോക്കിയെങ്കിലും രാജസ്ഥാനെ ലക്ഷ്യത്തിലെത്തിക്കാനായില്ല. തുടക്കത്തിൽ കത്തിക്കയറിയ ബട്ലറിനെ വീഴ്ത്തി അമിത് മിശ്രയും തുടർച്ചയായി മൂന്നു സിക്സറുകൾ പറത്തിയ ഡാർസി ഷോർട്ടിനെ വീഴ്ത്തി ഗ്ലെൻ മാക്സ്വെല്ലും മത്സരം ഡൽഹിക്ക് അനുകൂലമാക്കി.
അവസാന ഓവറിൽ 15 റണ്‍സാണ് രാജസ്ഥാനു ജയിക്കാൻ വേണ്ടിയിരുന്നത്. എന്നാൽ ട്രെന്റ് ബോൾട്ട് എറിഞ്ഞ ഓവറിൽ ഒരു വിക്കറ്റ് നഷ്ടപ്പെടുത്തി 10 റണ്‍സ് മാത്രമേ സന്ദർശകർക്കു നേടാൻ കഴിഞ്ഞുള്ളൂ. ആറു പന്തിൽ 18 റണ്‍സുമായി കൃഷ്ണപ്പ ഗൗതം പുറത്താകാതെ നിന്നു. മലയാളി താരം സഞ്ജു സാംസണ് മൂന്നു റണ്‍സ് നേടി പുറത്തായി.
നേരത്തെ, പുറത്താകലിന്റെ വക്കിൽ ജീവൻമരണ പോരാട്ടത്തിനിറങ്ങിയ ഡൽഹി ഡെയർ ഡെവിൾസ് ഋഷഭ് പന്തിന്റെ (69) യും ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെ (50) യും അർധസെഞ്ചുറി കരുത്തിലാണു വൻ സ്കോർ നേടിയത്. മഴമൂലം 18 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ഡൽഹി 17.1 ഓവർ മാത്രം ബാറ്റ് ചെയ്തപ്പോൾ മഴയെത്തി. 196/6 എന്ന സ്കോറിലായിരുന്നു ഈ സമയം ഡൽഹി. പിന്നീട് മഴ നിയമം അനുസരിച്ച് രാജസ്ഥാന്റെ വിജയലക്ഷ്യം 12 ഓവറിൽ 151 റണ്‍സായി പുനർനിർണയിക്കുകയായിരുന്നു.
കൗമാര താരം പൃഥ്വി ഷായുടെ ഷോയിൽ കൂട്ടയടി തുടങ്ങിയ ഡൽഹി ജീവൻമരണ പോരാട്ടത്തിലായിരുന്നു. ഓപ്പണർ കോളിൻ മണ്‍റോയെ (0) തുടക്കത്തിലെ നഷ്ടപ്പെട്ടിട്ടും പൃഥ്വി ഷാ, മൂന്നാമനായെത്തിയ ക്യാപ്റ്റൻ ശ്രേയസ് അയ്യരെ കൂട്ടുപിടിച്ച് വെടിക്കെട്ടിനു തുടക്കമിട്ടു. 25 പന്തിൽ നാല് സിക്സും നാല് ഫോറും അടക്കം ഷാ 47 റണ്‍സെടുത്ത് പുറത്തായി.
പിന്നാലെ ക്രീസിലെത്തിയ പന്ത് ഡൽഹി സ്കോറിനെ ടോപ് ഗിയറിലാക്കി. പന്ത് ഏഴു ഫോറും അഞ്ച് സിക്സറുമടക്കം 69 റണ്‍സെടുത്തു. ശ്രേയസ് അയ്യർ 35 പന്തിൽ മൂന്നു ഫോറും മൂന്നു സിക്സറും പറത്തി അർധ സെഞ്ചുറി പൂർത്തിയാക്കി പുറത്തായി.