ന്യൂഡൽഹി: രാജ്യവ്യാപകമായി ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കെ തൊഴിലും ഭക്ഷണവും കിടപ്പാടവുമില്ലാതെ വലയുകയാണ് ഇതര സംസ്ഥാന തൊഴിലാളികൾ.
അതിനിടെ ഡൽഹിയിലെ യമുനാ നദിയുടെ തീരത്ത് കഴിയുന്ന ഇതരസംസ്ഥാന തൊഴിലാളികൾ ശ്മശാനത്തിൽ കൂട്ടിയിട്ടിരിക്കുന്ന പഴങ്ങൾ പെറുക്കിയെടുക്കുന്ന ദയനീയ ദൃശ്യങ്ങൾ പുറത്ത്. കൂട്ടിയിട്ടിരിക്കുന്ന വാഴപ്പഴങ്ങളിൽ ചീഞ്ഞുപോകാത്തവ ഇവർ തിരഞ്ഞെടുക്കുകയാണ്.
വാഴപ്പഴങ്ങൾ പെട്ടന്ന് ചീഞ്ഞുപോകില്ലെന്നും അതിനാൽ ഒന്നോ രണ്ടോ ദിവസം അത് കഴിച്ച് ജീവൻ നിലനിർത്താമെന്നും തൊഴിലാളികൾ പറയുന്നു. ഡൽഹിയിലെ പ്രധാന ശ്മശാനമായ നിഗംബോദ് ഘട്ടിൽ ചടങ്ങുകളുടെ ഭാഗമായി ഉപേക്ഷിച്ച പഴങ്ങളാണ് കുടിയേറ്റ തൊഴിലാളികൾ പെറുക്കി എടുക്കുന്നത്.
“ഞങ്ങൾ സ്ഥിരമായി ഭക്ഷണം ലഭിക്കാറില്ല. അതുകൊണ്ടാണ് പഴങ്ങൾ എടുക്കുന്നത്’ അലഗറിൽ നിന്നുള്ള ഒരു തൊഴിലാളി പറയുന്നു. ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ തൊഴിൽ നഷ്ടപ്പെട്ട നൂറുകണക്കിന് തൊഴിലാളികൾ നോർത്ത് ഡൽഹിയിൽ യമുന തീരത്തും പാലത്തിന്റെ അടിയിലുമായാണ് അഭയം തേടിയിരിക്കുന്നത്.
അടുത്തുള്ള ഗുരുദ്വാരയിൽ നിന്ന് നൽകുന്ന ഒരു നേരത്തെ ഭക്ഷണമാണ് ഇവരുടെ ജീവൻ നിലനിർത്തുന്നത്. കുടിയേറ്റതൊഴിലാളികൾക്ക് പാർപ്പിടവും ഭക്ഷണവും നൽകണമെന്ന് കേന്ദ്രസർക്കാർ നിർദേശമുണ്ടെങ്കിലും ഡൽഹി, മുംബൈ തുടങ്ങിയ നഗരങ്ങളിൽ ഇവർ ഒഴിഞ്ഞ സ്ഥലങ്ങളിൽ താമസിക്കുന്നുണ്ട്.