ന്യൂഡൽഹി: ഡൽഹിയിലെ കർഷക സമരത്തിൽ പങ്കെടുക്കുന്നതിനിടെ കോവിഡ് ബാധിച്ചു മരിച്ച പെണ്‍കുട്ടി പീഡനത്തിനിരയായെന്ന് പരാതി.
ഡൽഹി-ഹരിയാന അതിർത്തിയായ തിക്രിയിൽ നടക്കുന്ന സമരത്തിൽ പങ്കെടുക്കാനെത്തിയ ബംഗാൾ സ്വദേശിനിയായ പെണ്‍കുട്ടി പീഡനത്തിനിരയെന്നാണ് കുട്ടിയുടെ പിതാവ് പോലീസിൽ പരാതി നൽകിയത്.
കേന്ദ്രസർക്കാരിന്റെ കാർഷിക നയങ്ങൾക്കെതിരെ നടക്കുന്ന സമരത്തിൽ പങ്കെടുക്കുന്നതിനായി ഏപ്രിൽ 10നാണ് 25 വയസുകാരിയായ പെണ്‍കുട്ടി കുറച്ചാളുകൾക്കൊപ്പം തിക്രിയിൽ എത്തിയത്.
ഏപ്രിൽ 26ന് കോവിഡ് ലക്ഷണങ്ങൾ കാണിച്ചതിനെ തുടർന്ന് പെണ്‍കുട്ടിയെ ജജ്ജാർ ജില്ലയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കർഷക സമരത്തിൽ പങ്കെടുക്കാനെത്തിയ രണ്ടു പേരാണ് മകളെ പീഡിപ്പിച്ചതെന്ന് അദ്ദേഹം ആരോപിക്കുന്നു.
മകൾ ഇക്കാര്യം ഫോണിൽ തന്നോട് പറഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ കോവിഡ് രോഗിയെ ചികിത്സിക്കുന്നത് പോലെയാണ് തങ്ങൾ പെണ്‍കുട്ടിയെ പരിചരിച്ചതെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിശദീകരണം.
സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.