സ്വന്തം ലേഖകൻ
ന്യൂഡൽഹി: ഡൽഹി രോഹിണി കോടതിയിൽ ഉണ്ടായ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് പ്രതിരോധ ഗവേഷണ കേന്ദ്രത്തിലെ (ഡിആർഡിഒ) മുതിർന്ന ശാസ്ത്രജ്ഞൻ ഭരത് ഭൂഷൻ കട്ടാരിയ അറസ്റ്റിലായി.
ഭരത് ഭൂഷന്റെ വീട്ടിൽനിന്നു ബോംബ് നിർമിക്കുന്നതിനാവശ്യമായ വസ്തുക്കൾ പോലീസ് പിടിച്ചെടുത്തു.
വ്യക്തിവൈരാഗ്യത്തെത്തുടർന്ന് അയൽക്കാരനായ അഭിഭാഷകനെ കൊലപ്പെടുത്താനാണു ബോംബ് സ്ഥാപിച്ചതെന്ന് പോലീസ് പറഞ്ഞു.
ഡിസംബർ ഒന്പതിന് 102-ാം നന്പർ കോടതി മുറിയിലായിരുന്നു സ്ഫോടനം. ലാപ് ടോപ് ബാഗിനുള്ളിൽ വച്ച ടിഫിൻ ബോക്സ് ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു.
ഒരു പോലീസുകാരനു പരിക്കേറ്റു. കോടതിമുറിയിൽ അഭിഭാഷകൻ നിൽക്കുന്പോൾ സ്ഫോടനം നടത്തി കൊലപ്പെടുത്തുകയായിരുന്നു ലക്ഷ്യം.
സിസിടിവിയിൽ ശാസ്ത്രജ്ഞൻ കോടതിയിലെത്തിയതിന്റെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു.ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു.
പ്രതിക്കെതിരേ അഭിഭാഷകൻ നിരവധി കേസുകൾ നൽകിയിരുന്നു. നിയമനടപടികൾ ഇയാളെ മാനസികമായി തളർത്തി.
ഇതേത്തുടർന്നുള്ള പ്രതികാരമാണ് ബോംബുവച്ചു കൊലപ്പെടുത്താനുള്ള ശ്രമത്തിൽ കലാശിച്ചതെന്ന് പോലീസ് വ്യക്തമാക്കി.