
ന്യൂഡൽഹി: ‘ജീവിച്ചിരിക്കുന്നവർ മരിച്ചവരെ ഓർത്ത് അസൂയപ്പെടുന്ന കാലം വരും’… റഷ്യൻ നേതാവ് നികിത ക്രൂഷ്ച്ചേവ് പ്രവചിച്ചത് കൊറോണയെക്കുറിച്ചായിരിക്കുമോ. കൊറോണ ശവപ്പറന്പാക്കിയ ലോകത്തെ സന്പന്ന രാജ്യങ്ങളിൽ ശവമടക്കാൻ പോലും ആളില്ലാത്ത വിധം പ്രേതനഗരങ്ങളായി മാറി.
അയൽക്കാരന്റെ മരണം നേരിൽ കാണുന്പോൾ മുഖം തിരിക്കാനേ നമുക്ക് സാധിക്കൂ. കാരണം മറ്റൊന്നല്ല, അയൽക്കാരനെ സഹായിക്കാൻ ഒരു കൈനീട്ടുന്നവൻ മറുകയ്യാൽ തന്റെതന്നെ മരണവാറണ്ട് കൈനീട്ടി വാങ്ങുകയാണോ എന്ന ഭയം മനുഷ്യരെ വിഴുങ്ങുന്നു.
ഒരു മനുഷ്യൻ വിശന്നുമരിക്കുന്നതാണ് മനുഷ്യ കുലത്തിലെ എക്കാലത്തേയും മഹാദുരന്തമെന്ന് വിക്ടർ ഹ്യൂഗോയുടെ വാക്കുകൾക്ക് മരണം പെയ്തിറങ്ങുന്ന ഈ കൊറോണക്കാലത്ത് പ്രത്യേകം പ്രാധാന്യമുണ്ട്.
കാരണം രാജ്യം മുഴുവൻ കൊറോണ പ്രതിരോധത്തിൽ അടച്ചുപൂട്ടുന്പോൾ വിശന്നു മരിക്കാൻ വിധിക്കപ്പെട്ട ഒരു കൂട്ടം മനുഷ്യരുണ്ട്, നഗരത്തിന്റെ പിന്നാന്പുറങ്ങളിൽ ജീവിക്കുന്ന തെരുവിന്റെ മക്കളെന്ന് നമ്മൾ ഓമനപ്പേരിട്ട് വിളിക്കുന്നവർ.
ലോകത്തിൽ എല്ലായിടത്തും അവരുണ്ട്. ജിപ്സികളെന്നും നാടോടികളെന്നും മറ്റും വിളിക്കപ്പെടുന്ന അവർ എക്കാലവും അന്യർ ദൂരെ നിന്ന് എറിഞ്ഞുകൊടുക്കുന്ന അപ്പക്കഷണങ്ങളുടെ ദാഷിണ്യത്തിൽ ജീവിക്കുന്നവരാണ്.
ഇന്ത്യയിൽ ഏറ്റവുമധികം നാടോടികളും തെരുവ് ജീവിതങ്ങളും ഉള്ളത് വേറെ എവിടേയുമല്ല. ലോകത്തെ ഏറ്റവും മഹത്തായ ജനാധിപത്യരാജ്യത്തിന്റെ തലസ്ഥാനത്ത് തന്നെ. അവരുടെ കൃത്യമായ കണക്ക് ആർക്കുമറിയില്ല. കാരണം അവർ എവിടെ നിന്നു വരുന്നു, എങ്ങോട്ട് മറയുന്നു എന്നതൊന്നും ആരുടെയും അന്വേഷണ വിഷയമല്ല.
അതിശൈത്യത്തിലും അത്യുഷ്ണത്തിലും തെരുവോരത്ത് മരിച്ച് മരവിച്ച് പോലീസിന്റെ നാൾവഴി പുസ്തകത്തിൽ ഒരക്കമായി അവശേഷിക്കുന്നവർ അവരാണ്. അവരുടെ ജീവിതമാണ് ഈ കൊറോണക്കാലത്ത് ഏറ്റവും ഭീഷണി നേരിടുന്നത്.
കാരണം അന്നദാനം നടത്തിയിരുന്ന സിക്ക് ഗുദുദ്വാരകളും ചില ഹൈന്ദവ ക്ഷേത്രങ്ങളും മഹാമാരിയെപ്പേടിച്ച് അടച്ചുപൂട്ടി. വഴിയോരങ്ങളിൽ വിശന്നൊട്ടിയ വയറുള്ള അനാഥ ശവങ്ങളുടെ എണ്ണം കൂടും.
പ്രധാനമന്ത്രി ദേശീയ ലോക് ഡൗണ് പ്രഖ്യാപിച്ചതിന്റെ ആദ്യദിനം താമസ സ്ഥലമായ കിഴക്കൻ ഡൽഹിയിലെ മയൂർ വിഹാർ ഫേസ് മൂന്നിലെ താമസ സ്ഥലത്തുനിന്നു വാർത്താ ചിത്രങ്ങളെടുക്കാൻ സർക്കാർ ബസിൽ യാത്ര ചെയ്തു.
ഡൽഹി നഗരവാസികൾ സ്വയം ഏറ്റെടുത്ത ലോക്ക് ഡൗണ് നല്ല ഫലം കണ്ടു. യാത്രയിലുടനീളം ബസുകളിൽ ഡ്രൈവർ, കണ്ടക്ടർ, വനിത സുരക്ഷയ്ക്കായി ഏർപ്പെടുത്തിയ മാർഷൽ എന്നീ മൂന്നുപേർ മാത്രമാണ് എല്ലാ ബസിലും യാത്രക്കാർ.
സ്റ്റോപ്പുകളിൽ നിർത്താറുണ്ട് ബസ് മാർഷൽ കയറുന്നതിന് മുന്നേ ചോദിക്കുന്നു എവിടേയ്ക്കാണ് കൈയ്യിൽ തിരിച്ചറിയൽ കാർഡുണ്ടോ. ആധാർ കാർഡ് വേണ്ട ജോലി സംബന്ധമായി സർക്കാർ അംഗീകരിച്ച ഏതെങ്കിലും കാർഡുള്ളവർക്ക് മാത്രമാണ് യാത്ര അനുവദിക്കുന്നത്. കൂടാതെ മുഖാവരണം നിർബന്ധമാണ്.
വഴിയിൽ നിന്നു കയറിയ വൃദ്ധനെ തിരിച്ചറിയൽ കാർഡ് ഇല്ലാത്തതിന്റെ പേരിൽ ബസ് ജീവനക്കാർ മൂവരും ചേർന്ന് അസഭ്യം പറഞ്ഞ് ഇറക്കി വിടുന്നതും കാണാനിടയായി. മാധ്യമക്കാരോട് അത്ര പന്തിയല്ല അതിനാൽ ഞാനും ഒപ്പമുണ്ടായിരുന്ന സുഹൃത്തും ഇടപെട്ടില്ല.
അവശ്യ സേവനത്തിനുള്ള സർക്കാർ ജോലിക്കാർ,ഹോസ്പിറ്റൽ ജീവനക്കാർ എന്നിവർക്ക് മാത്രമാണ് ബസിൽ യാത്ര ചെയ്യാൻ അനുവദിക്കുന്നത്. കേണപേക്ഷിച്ചിട്ടും കൈയ്യിൽ പണമില്ലാത്തിന് ഒരു വൃദ്ധയാചകനെ അയാളുടെ ഭാണ്ടക്കെട്ടോടെ ചുട്ടുപൊള്ളുന്ന വെയിലിൽ ഇറക്കിവിട്ടു.
24 മണിക്കൂറും ജനവും വാഹനങ്ങളും തിക്കിത്തിരക്കുന്ന ജി.ടി കർണാൽ റോഡ് ഇന്നലെ ഒരാളു പോലും മില്ലാതെ ശൂന്യമായി കാണപ്പെട്ടു. മുഗൾ ചക്രവർത്തി രാജ ശാസനങ്ങളുമായിപോകുന്ന അഞ്ചലോട്ടക്കാർക്ക് വേണ്ടി നിർമ്മിച്ചതാണ് ഗ്രാന്റ് ട്രങ്ക് റോഡ് എന്ന് അറിയപ്പെടുന്ന തിരക്കേറിയ നാലുവരിപ്പാത, കൊൽക്കത്തയിൽ നിന്നാരംഭിച്ച് പാക്കിസ്ഥാനിലെ പെഷാവറിൽ (ഇന്ന് പഞ്ചാബിലെ അട്ടാരി അതിർത്തിയിൽ) അവസാനിക്കുന്ന റോഡ് കാൽനടക്കാരൻ പോലുമില്ലാതെ ശൂന്യമായി കാണുന്നത് ആദ്യമായാണ്. ദേശീയ തലത്തിൽ നടത്തപ്പെടുന്ന ബന്ദ് ദിനത്തിൽപ്പോലും ഈ റോഡ് ജനങ്ങളാലും വാഹനങ്ങളാലും നിബിഡമാണ്.
കൊറോണപ്പേടിയിൽ ഡൽഹിയിൽ ആർക്കും പട്ടണി കിടക്കേണ്ടി വരില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര മന്ത്രിമാരും, ഡൽഹി് മുഖ്യമന്ത്രിയും ആണയിട്ട് പറയുന്പോഴും ജനങ്ങൾക്ക് ആരെ സമീപിക്കണം എന്നകാര്യത്തിൽ ഇപ്പോഴും നിർദേശം ലഭിച്ചിട്ടില്ല. ആംആദ്മിയുടെതെന്ന പേരിൽ പ്രചരിച്ച വാട്സ് ആപ്പ് സന്ദേശത്തിൽ കൊടുത്ത പല നന്പരുകളിൽ ഒന്നിൽ വിളിച്ചു.
അത് ജമാഅത്ത് ഉമല ഇ ഹിന്ദ് എന്ന സംഘടന ഡൽഹി കലാപത്തിൽ വീടും ജീവനോപാധികളും നഷ്ടപ്പെട്ടവരെ സഹായിക്കാൻ ഉണ്ടാക്കിയ സഹായക ഗ്രൂപ്പാണ്. കലാപത്തെക്കാൾ ഭീകരമായി കൊറോണ വൈറസ് മാറിയപ്പോൾ ഈ നെറ്റ് വർ്ക്ക് അവർ ഭക്ഷണം ഇല്ലാതെ വിഷമിക്കുന്നവർക്കായി മാറ്റി. വിശക്കുന്ന ആർക്കും ഈ നന്പരിൽ വിളിക്കാമെന്ന് ഫോണ് എടുത്ത വ്യക്തി അറിയിച്ചു.
കൊറോണ ഭീതിപ്പെടുത്തുന്നതിന് മുന്പേതന്നെ അതി ബുദ്ധിമാന്മാരായ നഗര വാസികളും ഹൈസൊസൈറ്റി അംഗങ്ങളും വാട്സ് ആപ്പ് സന്ദേശം വഴി എല്ലാവരോടും പറഞ്ഞു 40-50 ദിനങ്ങളിലേക്ക് വേണ്ടുന്ന ഭക്ഷ്യ ധാന്യങ്ങൾ സംഭരിക്കണം.
ഒപ്പം അവശ്യ മരുന്നുകളും കൈകഴുകാനുള്ള സോപ്പുപോലും ആളുകൾ ധാരാളം വാങ്ങിക്കൂട്ടി. കടക്കാരന്റെ കെട്ടിക്കിടന്ന ധാന്യസംഭരണി കാലിയായെന്നു മാത്രമല്ല, ദിവസം മുഴുവൻ റിക്ഷ ചവിട്ടിതളർന്ന ഒരുവൻ കുടുംബത്തിന്റെ വിശപ്പ് മാറ്റാൻ നൂറു രൂപയുമായി ചെന്നാൽ ഇനി അരികിട്ടില്ല. കച്ചവടക്കാർക്കും സന്പന്നനെയും മധ്യവർഗത്തെയും പോറ്റാണ് താൽപര്യം.
കാരണം ഒറ്റയടിക്ക് വൻ തുക കൈയ്യിൽ വരും. കൈകൊണ്ട് തൊടാതെ പണം അവന്റെ അക്കൗണ്ടിലേക്ക് വരും. രണ്ടാം ലോകമഹായുദ്ധ കാലത്ത് കടകളിലെ ഭക്ഷ്യം ധാന്യങ്ങൾക്ക് ദൗർലഭ്യം നേരിട്ടപ്പോൾ അധികമുള്ള ധാന്യം തിരികെ ഏൽപ്പിക്കാൻ സർക്കാർ ആവശ്യപ്പെട്ടതനുസരിച്ച് ബ്രിട്ടണിൽ ആളുകൾ റേഷൻ കടകൾക്ക് മുന്നിൽ നിരനിന്നു എന്നു കേട്ടിട്ടുണ്ട്. നമ്മുടെ നാട് അത്രയും പുരോഗമിച്ചിട്ടില്ല.
സാന്പത്തിക മാന്ദ്യം ലോകത്തിനേൽപ്പിച്ച പ്രഹരത്തിൽ നിന്നു കരകയറാൻ ലോകരാജ്യങ്ങൾക്ക് വർഷങ്ങൾ വേണ്ടി വന്നേക്കാം. എങ്കിലും നമ്മൾ അതിജീവിക്കുമെന്ന മന്ത്രമുരുവിട്ട് നിശ്ചയദാർഢ്യത്തോടെ നീങ്ങുകയാണ് ലോകം.