ഡൽഹി: വിവാഹ അഭ്യര്‍ഥന നിരസിച്ചതിന് ബന്ധുവായ യുവതിയെ ഇരുമ്പുവടി ഉപയോഗിച്ച് കൊലപ്പെടുത്തി. യുവതി സ്ഥിരമായി പോകുന്ന വഴിയുള്ള പാർക്കിൽവെച്ചാണ് പ്രതി ആക്രമിച്ചത്. കൊലപാതകം നടത്തിയത് കൃത്യമായി ആസൂത്രണം ചെയ്തതിന് ശേഷമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
പ്രതിയായ ഇര്ഫാന് യുവതിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നുണ്ടായിരുന്നു. ക്ലാസിന് പോകുവാനായി പാര്‍ക്കിലൂടെ യുവതി വരുമെന്ന് ഇയാള്‍ മനസിലാക്കിയിരുന്നു.
കൊല ചെയ്യുവാനായി ഉപയോഗിച്ച ഇരുമ്പുവടി വീട്ടില്‍ നിന്നും കൊണ്ടുവന്നതാണെന്ന് പ്രതി പോലീസിനോട് പറഞ്ഞു. കഴിഞ്ഞ തിങ്കളാഴ്ച പ്രതി യുവതിയെ കാണാന്‍ ശ്രമിച്ചെങ്കിലും ഓരോ കാരണങ്ങള്‍ പറഞ്ഞ് യുവതി ഒഴിഞ്ഞ് മാറിയതായും പോലീസ് പറഞ്ഞു.
തന്റെ ബന്ധുവായ നര്‍ഗീസിനെ വിവാഹം കഴിക്കാന്‍ ഇര്ഫാന് ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ സ്ഥിരമായൊരു ജോലി ഇല്ലാത്തതിനാല്‍ നര്‍ഗീസ് വിവാഹ അഭ്യര്‍ഥന നിരസിക്കുകയാണ് ചെയ്തത്. ഇത് പ്രതിയില്‍ നിരാശ ഉണ്ടാക്കി.
തുടര്‍ന്ന് നര്‍ഗീസ് പ്രതിയുടെ ഫോണ്‍കോളുകളോട് പ്രതികരിക്കാതായി. ഇതില്‍ പ്രകോപിതനായ യുവാവ് ഇന്നലെ രാവിലെ, ഡല്‍ഹി യൂണിവേഴ്സിറ്റിയിലെ ശ്രീ അരബിന്ദോ കോളേജിന് സമീപത്തുള്ള പാര്‍ക്കില്‍വെച്ച് നര്‍ഗീസിനെ ഇരുമ്പുവടികൊണ്ട് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹത്തിന് സമീപത്ത് നിന്ന് കൊലചെയ്യാന്‍ ഉപയോഗിച്ച ആയുധം പോലീസ് കണ്ടെത്തി.
കൊലപാതകത്തിന് ശേഷം മണിക്കൂറുകള്‍ കഴിഞ്ഞ് പ്രതി പോലീസില്‍ കീഴടങ്ങുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് നഗരത്തിലെ ക്രമസമാധാനനിലയെ രൂക്ഷമായി വിമര്‍ശിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സംഭവത്തില്‍ കര്‍ശന നടപടിയെടുക്കണമെന്നും നിര്‍ദേശിച്ചു.