ന്യൂഡൽഹി/പട്ന: രാജ്യതലസ്ഥാനമായ ഡൽഹിയിലും ബിഹാറിലും ശക്തമായ ഭൂചലനം. ഡൽഹിയിൽ ഇന്നു പുലർച്ചെ 5.36നും ബിഹാറിൽ 8.02നുമാണ് റിക്ടർ സ്കെയിലിൽ 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ധൗള കുവാനിലെ ദുർഗാഭായ് ദേശ്മുഖ് കോളേജ് ഓഫ് സ്പെഷൽ എജ്യൂക്കേഷനു സമീപമായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് അധികൃതർ പറഞ്ഞു.
ഭൂകമ്പ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്ന നാഷണൽ സെന്റർ ഫോർ സീസ്മോളജി, ഡൽഹി പ്രഭവകേന്ദ്രമായി ഉത്തരേന്ത്യയിലുടനീളം ഭൂചലനം അനുഭവപ്പെട്ടതായി പറഞ്ഞു. ഭൂകമ്പത്തിന്റെ ആഴം വെറും അഞ്ച് കിലോമീറ്റർ മാത്രമായിരുന്നുവെന്നും അധികൃതർ അറിയിച്ചു.
ഡല്‍ഹി, നോയിഡ, ഗ്രേറ്റര്‍ നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളില്‍ ശക്തമായ ചലനമാണ് അനുഭവപ്പെട്ടത്. ബിഹാറിലെ സിവാനിലാണു ഭൂചലനം അനുഭവപ്പെട്ടത്. ഇതുവരെ നാശനഷ്ടങ്ങളോ, ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല. ശക്തമായ പ്രകമ്പനവും വലിയ ശബ്ദവുമുണ്ടായതായി പ്രദേശവാസികൾ പറഞ്ഞു. ഭൂചലനത്തെത്തുടര്‍ന്ന് പരിഭ്രാന്തരായ ആളുകള്‍ തുറസായ സ്ഥലത്തേക്ക് ഓടിയിറങ്ങി.
ഡൽഹിയിലെയും സമീപപ്രദേശങ്ങളിലെയും നിവാസികളോട് സുരക്ഷാ മുൻകരുതലുകൾ പാലിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യർഥിച്ചു. എല്ലാവരോടും ശാന്തത പാലിക്കാനും സുരക്ഷാ മുൻകരുതലുകൾ പാലിക്കാനും സാധ്യമായ തുടർചലനങ്ങൾക്കായി ജാഗ്രത പാലിക്കാനും അഭ്യർഥിക്കുന്നു. അധികാരികൾ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്- പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
ഡല്‍ഹിയും സമീപ പ്രദേശങ്ങളും ഭൂകമ്പ സാധ്യതാ മേഖലയിലുള്‍പ്പെടുന്ന സ്ഥലങ്ങളാണ്. ജനുവരി 23ന്, ചൈനയിലെ സിൻജിയാംഗിൽ 80 കിലോമീറ്റർ താഴ്ചയിൽ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തെത്തുടർന്ന് ഡൽഹി-എൻസിആറിൽ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. രണ്ടാഴ്ച മുമ്പ് അഫ്ഗാനിസ്ഥാനിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിനുശേഷം ഡൽഹിയിലും സമീപ പ്രദേശങ്ങളിലും നേരിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു.