ന്യൂഡൽഹി: വടക്കു കിഴക്കൻ ഡൽഹിയിലെ ചാന്ദ്ബാഗിലെ കൊച്ചുവീട്ടിൽ മകൾ സാവിത്രി പ്രസാദിന്റെ വിവാഹത്തിനുള്ള ഒരുക്കത്തിലായിരുന്നു മാതാപിതാക്കൾ. എന്നാൽ നിനച്ചിരിക്കാതെയാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്.
ചാന്ദ്ബാഗും പരിസരവും യുദ്ധസമാനമായി. എന്തു ചെയ്യണമെന്നറിയാതെ അവർ പകച്ചു നിന്നു. വിവാഹദിനമായ ബുധനാഴ്ച വരനും കൂട്ടരും ചാന്ദ്ബാഗിൽ എത്താൻ പറ്റാത്ത അവസ്ഥ. ഒടുവിൽ അയൽക്കാരായ മുസ്ലിം കുടുംബങ്ങൾ കാവലായി വിവാഹം നടന്നു…
വർഗീയ ധ്രുവീകരണങ്ങളുടേയും കൊലവിളികളുടേയും വാർത്തകൾ മാത്രം വരുന്ന രാജ്യതലസ്ഥാനത്തു നിന്ന് ഈ നല്ല വാർത്ത കേട്ടവർ ആശ്വസിക്കുന്നു; ഡൽഹിക്ക് ഇനിയും മനുഷ്യത്വം നഷ്ടപ്പെട്ടില്ലല്ലോ…
ചൊവ്വാഴ്ച തന്നെ ചാന്ദ്ബാഗിൽ കലാപത്തിനു തുടക്കമായിരുന്നു. എങ്കിലും വിവാഹം മുടങ്ങുന്ന അവസ്ഥ വരുമെന്ന് സാവിത്രിയുടെ വീട്ടുകാർ കരുതിയിരുന്നില്ല. പക്ഷേ വൈകുന്നേരത്തോടെ സ്ഥിതി മാറി. എങ്ങും ലഹളയും വെടിയൊച്ചയും.
സമീപത്തൊക്കെ യുദ്ധാന്തരീക്ഷമായിരുന്നുവെന്നും വീടിനു മുകളിൽ ചെന്ന് നോക്കിയപ്പോൾ പുക ഉയരുന്നതു കാണാമായിരുന്നുവെന്നും സാവിത്രിയുടെ പിതാവ് ഭോപ്ഡെ പ്രസാദ് പറഞ്ഞു.
പിറ്റേദിവസം മകളുടെ കല്യാണം നടത്തണം. എന്തു ചെയ്യണമെന്നറിയാതെ പകച്ചു പോയ നിമിഷങ്ങൾ. ജീവൻ തന്നെ ഭീഷണിയാകുമെന്ന അവസ്ഥയിൽ വിവാഹം മാറ്റി വയ്ക്കാൻ അവർ തീരുമാനിച്ചു.
എന്നാൽ നല്ലവരായ അയൽക്കാർ അവർക്ക് തുണയുമായെത്തി. വിവാഹം. മാറ്റിവയ്ക്കേണ്ടെന്നും തങ്ങൾ എന്തു സഹായവും ചെയ്തുതരാമെന്നും പറഞ്ഞത് മുസ്ലിംകളായ അയൽക്കാർ.
വരനേയും കൂട്ടരേയും കലാപ അന്തരീക്ഷം വകവയ്ക്കാതെ സാവിത്രിയുടെ വീട്ടിൽ എത്തിച്ചതും അയൽക്കാരായ മുസ്ലിം സഹോദരങ്ങളായിരുന്നു. അങ്ങനെ ചുറ്റും കലാപം നടന്നപ്പോഴും സാവിത്രിയുടെ വിവാഹം മംഗളകരമായി നടന്നു.
ചാന്ദ്ബാഗിലും പരിസരങ്ങളിലും ഹിന്ദുക്കളും മുസ്ലിംകളും നല്ല സൗഹൃദത്തോടെയാണ് കഴിയുന്നതെന്ന് സാവിത്രിയുടെ അച്ഛൻ ഭോപ്ഡെ പറയുന്നു. മതത്തിന്റെ പേരിലല്ലായിരുന്നു ഇവിടെ കലാപമെന്നും അങ്ങനെ വരുത്തിതീർക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.