ന്യൂഡൽഹി: ജി 20 സമ്മേളനത്തിന്റെ പേരിൽ ഡൽഹിയിലെ ചേരികൾ കെട്ടിമറച്ചത് പാവപ്പെട്ടവരെ അപമാനിക്കലും പൗരാവകാശ ലംഘനവുമാണെന്നു സിപിഎം പോളിറ്റ്ബ്യൂറോ അംഗം എം.എ. ബേബി.
അതിഥികൾ കാണാതെ പടുതകെട്ടി മറയ്ക്കേണ്ട അശ്രീകരങ്ങളാണ് ഇന്ത്യാ രാജ്യത്തെ ഈ പൗരർ എന്ന് പറയുന്നത്ര അപമാനിക്കൽ വേറെ എന്താണുള്ളത്.
നിങ്ങളെ ആരും കാണാൻ പാടില്ല, ദൃഷ്ടിയിൽപെട്ടാലും ദോഷമുള്ളവർ എന്നു പറയുന്നത്ര വലിയ പൗരാവകാശ ലംഘനമില്ല. നരേന്ദ്ര മോദിക്കുള്ള അത്രതന്നെ പൗരാവകാശമുള്ള മനുഷ്യരാണ് ഇവരുമെന്നും എം.എം. ബേബി ഫേസ്ബുക്കിൽ കുറിച്ചു.
ഉച്ചകോടിയുടെ പേരിൽ തെരുവിൽ ഉറങ്ങുന്നവരെയും ഭിക്ഷക്കാരെയുമൊക്കെ പോലീസ് പിടികൂടി ഡൽഹിക്ക് പുറത്ത് കൊണ്ടുവിട്ടു.
തെരുവുനായ്ക്കളെയും ഇങ്ങനെതന്നെ ചെയ്തു. ഈ മനുഷ്യർക്ക് കൊടുക്കുന്ന വിലയിൽനിന്ന് കാണണം പാവപ്പെട്ടവരോടുള്ള മോദിയുടെ സമീപനം.
ഈ മനുഷ്യർ ഉയർത്തെഴുന്നേൽക്കുന്ന ഒരു ദിവസം വരികതന്നെ ചെയ്യും. അന്ന് പ്രജാപതിയുടെ സ്ഥാനം ചരിത്രത്തിന്റെ ചവറ്റുകുട്ടയിൽ ആയിരിക്കുമെന്നും എം.എ. ബേബി കുറിച്ചു.