ന്യൂഡൽഹി: മൂന്ന് ഹൈക്കോടതി ചീഫ് ജസ്റ്റീസുമാരെ സുപ്രീംകോടതി ജഡ്ജിമാരായി ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള കോളീജിയം ശിപാർശ ചെയ്തു.
ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റീസ് സതീഷ് ചന്ദ്ര ശർമ, രാജസ്ഥാൻ ഹൈക്കോടതി ചീഫ് ജസ്റ്റീസ് അഗസ്റ്റിൻ ജോർജ് മസിഹ്, ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റീസ് സന്ദീപ് മേത്ത എന്നിവരുടെ പേരുകളാണ് കൊളീജിയം ശിപാർശ ചെയ്തത്.
ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള കോളീജിയത്തിൽ ജസ്റ്റീസുമാരായ സഞ്ജയ് കിഷൻ കൗൾ, സഞ്ജീവ് ഖന്ന, ബി.ആർ. ഗവായ്, സൂര്യകാന്ത് എന്നിവരാണ് മറ്റ് അംഗങ്ങൾ.
കേന്ദ്രം അനുമതി നൽകിയാൽ ഇവരെ സുപ്രീംകോടതി ജഡ്ജിമാരായി നിയമിക്കും. സുപ്രീംകോടതിക്ക് 34 ജഡ്ജിമാരെ നിയമിക്കാമെന്നും എന്നാൽ നിലവിൽ 31 ജഡ്ജിമാരാണുള്ളതെന്നും കൊളീജിയം പ്രമേയത്തിൽ വ്യക്തമാക്കി.