ന്യൂഡൽഹി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരെ പ്രതിഷേധിച്ച് ഡല്‍ഹിയിലേക്കുള്ള മാര്‍ച്ചില്‍ നിന്നും പിന്മാറാതെ കര്‍ഷകര്‍.
പാനിപ്പത്തിലാണ് കര്‍ഷകര്‍ ഇന്നലെ രാത്രി തങ്ങിയത്. ഏത് പ്രതിസന്ധിയും തരണം ചെയ്ത് ഡല്‍ഹിയിലെത്തിച്ചേരുക എന്ന ലക്ഷ്യമാണ് കര്‍ഷകര്‍ക്കുള്ളത്.
ഇന്ന് രാവിലെ ഹരിയാന-ഡല്‍ഹി അതിര്‍ത്തിയില്‍ പ്രതിഷേധിച്ച കര്‍ഷകരെ പിരിച്ചുവിടാന്‍ പോലീസ് കണ്ണീര് വാതക ഷെല്ലുകള്‍ പ്രയോഗിച്ചു.
ഉത്തര്‍പ്രദേശ്, ഹരിയാന, ഉത്തരാഖണ്ഡ്, രാജസ്ഥാന്, പഞ്ചാബ് സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകരാണ് ഡല്‍ഹിയിലേക്ക് പ്രകടനമായി നീങ്ങിയത്. ആയിരത്തിലേറെ കര്‍ഷകനേതാക്കളെ ഇതിനോടകം കസ്റ്റഡിയിലെടുത്തു.
കര്‍ഷകരെ പ്രതിരോധിക്കാന്‍ പോലീസിനു പുറമെ ബിഎസ്എഫിനെയും സിആര്‍പിഎഫിനെയും കേന്ദ്രസര്‍ക്കാര്‍ രംഗത്തിറക്കി.
കൂടാതെ പിന്മാറിയില്ലെങ്കില് നിയമനടപടികള്‍ നേരിടേണ്ടി വരുമെന്നും പോലീസ് മുന്നറിയിപ്പ് നല്കി. എന്നാല്‍ തീരുമാനത്തില്‍ നിന്നും പിന്മാറില്ലെന്ന നിലപാടിലാണ് കര്‍ഷകര്‍.
അതിര്‍ത്തിയില്‍ കോണ്‍ക്രീറ്റ് പാളികളും ബാരിക്കേഡുകളും മുള്ളുവേലിയും മണ്ണും ഉപയോഗിച്ചാണ് പോലീസ് കര്‍ഷകരെ തടഞ്ഞിരിക്കുന്നത്.
കൂടാതെ മണല്‍ കയറ്റിയ വലിയ ട്രക്കുകളും ഇവിടെ തടസമായി നിര്‍ത്തിയിട്ടിട്ടുണ്ട്. ഇന്നലെ പഞ്ചാബില്‍ നിന്നും പുറപ്പെട്ട കര്‍ഷകരെ അംബാലയില്‍ വച്ച് പോലീസ് തടഞ്ഞിരുന്നു. പോലീസ് കര്‍ഷകര്‍ക്ക് നേരെ കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ചു.
പോലീസ് ബാരിക്കേഡ് കര്‍ഷകര്‍ പുഴയിലേക്ക് എറിയുകയും ചെയ്തിരുന്നു. ഡല്‍ഹിയില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് ബുധനാഴ്ചതന്നെ പോലീസ് ഉത്തരവിറക്കിയിരുന്നു.
സമരക്കാരെ തടയാന്‍ ഡല്‍ഹിയിലെ എട്ടു മെട്രോ സ്റ്റേഷനുകളും അടച്ചിട്ടിരിക്കുകയാണ്. കാര്‍ഷിക വിരുദ്ധനയങ്ങള്‍ കേന്ദ്രം പിന്‍വലിക്കാതെ സമരത്തില്‍ നിന്നും പിന്നോട്ടില്ലെന്ന തീരുമാനത്തിലാണ് കര്‍ഷകര്‍.