സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സുഹൃത്തിനെ തട്ടിക്കൊണ്ടുപോയ് കൊലപ്പെടുത്തിയയാൾ അറസ്റ്റിൽ. വീട്ടുചെലവുകൾ വഹിക്കാൻ പാടുപെടുകയായിരുന്ന ഇയാൾ സുഹൃത്തിനെ തട്ടിക്കൊണ്ടു പോയി കുടുംബത്തോട് മോചനദ്രവ്യം ആവശ്യപ്പെട്ടു. പിന്നാലെ മറ്റൊരു സുഹൃത്തിന്റെ സഹായത്തോടെ യുവാവിനെ കൊലപ്പെടുത്തി.
ബൈക്കിന്റെ തവണ അടയ്ക്കാൻ പണം ഇല്ലാത്തതിനാലാണ് സച്ചിൻ നിതിനെ തട്ടിക്കൊണ്ടുപോയത്. പിന്നാലെ കുടുംബത്തിൽ നിന്ന് രണ്ട് ലക്ഷം രൂപ തട്ടിയെടുക്കാൻ സച്ചിൻ ഗൂഢാലോചന നടത്തിയതായി പോലീസ് പറഞ്ഞു.
മകൾ ജനിച്ചതിന് ശേഷം വീട്ട് ചെലവുകൾ വഹിക്കാൻ സച്ചിന് ബുദ്ധിമുട്ടായിരുന്നു. 2018 മുതൽ സച്ചിന് നിതിനെ അറിയാം. രണ്ടാഴ്ച മുമ്പ് സച്ചിൻ തന്റെ മറ്റൊരു സുഹൃത്തായ അരുണുമായി നിതിനെ തട്ടിക്കൊണ്ടു പോകാൻ പദ്ധതി തയാറാക്കി.
നിതിന്റെ കുടുംബത്തിന് വടക്കുകിഴക്കൻ ഡൽഹിയിൽ ഒരു വീടുണ്ടെന്ന് ഇയാൾക്ക് അറിയാമായിരുന്നു. അതിനാൽ എളുപ്പത്തിൽ രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ടാൽ അവർക്ക് നൽകാൻ കഴിയുമെന്നും സച്ചിൻ വിശ്വസിച്ചു.
സെപ്തംബർ 19 ന് അരുൺ ഉണ്ടായിരുന്ന സമയത്ത് സച്ചിൻ നിതിനെ വീട്ടിലേക്ക് ക്ഷണിച്ചു. തുടർന്ന് ഇവർ മദ്യം വാങ്ങാനായി ഗാസിയാബാദിലേക്ക് പോകുകയും റെയിൽവേ ട്രാക്കിന് സമീപം ഇരുന്ന് മദ്യപിക്കുകയും ചെയ്തു.
ഡൽഹിയിലേക്ക് മടങ്ങുന്നതിനിടെയാണ് അരുണും സച്ചിനും ചേർന്ന് നിതിനെ കുത്തി കൊലപ്പെടുത്തിയത്. തുടർന്ന് മൃതദേഹം കുറ്റിക്കാട്ടിൽ തള്ളി. ശേഷം അടുത്ത ദിവസം തന്നെ നിതിന്റെ സഹോദരിയെ വിളിച്ച് സഹോദരനെ തട്ടിക്കൊണ്ടുപോയെന്നും രണ്ട് ലക്ഷം രൂപ നൽകണമെന്നും ആവശ്യപ്പെട്ടു.
എന്നാൽ നിതിന്റെ കുടുംബം പോലീസിനെ സമീപിച്ചതായി അറിഞ്ഞ സച്ചിനും അരുണും ഡൽഹി വിടാൻ തീരുമാനിച്ചു.
രാജസ്ഥാനിലെ ഗംഗാ നഗറിൽ നിന്നാണ് സച്ചിനെ അറസ്റ്റ് ചെയ്തത്. അരുണിനായ് തിരച്ചിൽ തുടരുകയാണ്. ഗാസിയാബാദിലെ കുറ്റിക്കാട്ടിൽ നിന്നാണ് നിതിന്റെ മൃതദേഹം കണ്ടെടുത്തതെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.