ന്യൂഡല്‍ഹി: ശ്രദ്ധ കൊലക്കേസിന് പിന്നാലെ ഡല്‍ഹിയെ നടുക്കി കൂട്ടക്കൊലപാതകം. 25കാരനായ കേശവാണ് അമ്മയേയും അച്ഛനേയും സഹോദരിയേയും മുത്തശ്ശിയെയും കൊലപ്പെടുത്തിയത്.
ലഹരിക്കടിമയായ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹിയിലെ പാലം മേഖലയിലായിരുന്നു സംഭവം.
കഴിഞ്ഞ 10 വര്‍ഷമായി പ്രതി ലഹരി ഉപയോഗിച്ചിരുന്നു. ഇതിനിടെ ഡല്‍ഹിയിലെ ഒരു ഡീ അഡിക്ഷന് സെന്ററില്‍ പ്രവേശിപ്പിച്ചു.
എന്നാല്‍ കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് വീട്ടില്‍ മടങ്ങിയെത്തിയ പ്രതി നിരന്തരം പ്രശ്നങ്ങളുണ്ടാക്കിയിരുന്നു.
ഇയാള്‍ ഇടക്കിടെ വീട് വിട്ടിറങ്ങി പോകുന്നതും പതിവായിരുന്നു. നവംബര്‍ മൂന്നിന് പ്രതിയെ വീട്ടില്‍ നിന്ന് കാണാതായി. 19ന് ആണ് മടങ്ങിയെത്തിയത്.
കേശവ് ജോലിക്ക് ശ്രമിക്കാത്തതിനെ ചൊല്ലിയും വീട്ടില്‍ വഴക്കുണ്ടാകാറുണ്ടെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
സംഭവ ദിവസം കേശവ് അമ്മയോട് പണം ചോദിച്ചെങ്കിലും ലഭിച്ചില്ല. തുടര്‍ന്ന് ഇയാള്‍ വീടിന് പുറത്തേക്ക് പോയി.
ഇതിനുശേഷം അമ്മയും അച്ഛനും സഹോദരിയും പുറത്ത് ജോലിക്ക് പോയി. സംഭവ ദിവസം വൈകിട്ട് അഞ്ചരയോടെയാണ് പ്രതി വീട്ടിലെത്തിയത്.
ഈ സമയം മുത്തശ്ശി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മുത്തശ്ശിയോട് മയക്കുമരുന്ന് വാങ്ങാന്‍ പ്രതി പണം ചോദിച്ചതായി പൊലീസ് പറയുന്നു.
എന്നാല്‍ പണം നല്‍കാനാവില്ലെന്ന് പറഞ്ഞതോടെ മുത്തശ്ശിയെ കൊല്ലുകയായിരുന്നു.
തുടര്‍ന്ന് 7.30ഓടെ പിതാവ് ദിനേശ് വീട്ടിലെത്തി. അമ്മ കൊല്ലപ്പെട്ടത് കണ്ടെത്തിയ ദിനേശിനെയും കേശവ് കുത്തിക്കൊന്നു.
മൃതദേഹം ശുചിമുറിയില്‍ ഒളിപ്പിക്കുകയും ചെയ്തു. രാത്രി ഒമ്പത് മണിയോടെ വീട്ടില്‍ മടങ്ങിയെത്തിയ അമ്മയെയും പ്രകോപനമില്ലാതെ പ്രതി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.
9.30ന് സഹോദരി ഉര്‍വശി തിരിച്ചെത്തി. അമ്മയും അച്ഛനും മുത്തശ്ശിയും കൊല്ലപ്പെട്ടതറിഞ്ഞ് ഞെട്ടിയ ഉര്‍വശി സഹായം തേടി നിലവിളിച്ചു.
ഉടന്‍ തന്നെ സഹോദരിയേയും കേശവ് കൊലപ്പെടുത്തി. ഇതിനിടെ ഉര്‍വശിയുടെ നിലവിളി കേട്ടെത്തിയ ബന്ധുവായ കുല്‍ദീപ് കേശവിനെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
അതേസമയം കൂട്ടക്കൊല നടത്തുമ്പോള്‍ കേശവ് മദ്യപിച്ചിരുന്നില്ലെന്നാണ് പോലീസ് പറയുന്നത്.
കേശവ് ദിവസവും വീട്ടിലുള്ളവരെ ഭീഷണിപ്പെടുത്തുകയും മര്‍ദിക്കുകയും ചെയ്യുമായിരുന്നു. ഇയാള്‍ക്കെതിരെ ഇതിനകം രണ്ട് ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
കേശവിനെ പിടികൂടി കൊണ്ടുവരുമ്പോള്‍ കുല്‍ദീപിനെയും ഭീഷണിപ്പെടുത്തിയതായി പോലീസ് പറഞ്ഞു.
നീ എന്നെ പിടികൂടി, ജയിലില്‍ നിന്ന് വന്നതിന് ശേഷം നിന്നെയും ഞാന്‍ കൊല്ലുമെന്നായിരുന്നു കേശവിന്റെ ഭീഷണി.