ന്യൂഡൽഹി: ഡൽഹിയിൽ പൂജാരിയും കൂട്ടാളികളും ക്രൂരമായി കൊലപ്പെടുത്തിയ പെണ്‍കുട്ടിയുടെ മരണ കാരണം കണ്ടെത്താനായില്ലെന്നു വിദഗ്ധ സംഘം.
മൂന്നംഗ ഡോക്ടർമാരുടെ സംഘമാണ് യഥാർഥ മരണ കാരണം വ്യക്തമല്ലെന്നു ചൂണ്ടിക്കാട്ടി ഡൽഹി പോലീസിന് റിപ്പോർട്ട് നൽകിയത്.
പെണ്‍കുട്ടിയെ കൊലപ്പെടുത്തിയശേഷം മാതാപിതാക്കളുടെ സമ്മതമില്ലാതെ ബലമായി സംസ്കരിക്കുകയായിരുന്നു.
പെണ്‍കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടോ എന്ന കാര്യവും സ്ഥിരീകരിക്കാനായിട്ടില്ലെന്നും ഡോക്ടർമാരുടെ സംഘം കന്റോണ്‍മെന്റ് പോലീസ് കമ്മീഷണറെ അറിയിച്ചു.
ഫോറൻസിക് വിദഗ്ധർ പരിശോധന നടത്തും മുൻപേ തന്നെ പെണ്‍കുട്ടിയുടെ മൃതദേഹം സംസ്കരിച്ചിരുന്നു.
മൃതദേഹം ദഹിപ്പിച്ചതിൽ പെണ്കുട്ടികയുടെ കാലുകളുടെ ഭാഗം മാത്രമാണ് ഫോറൻസിക് പരിശോധനയ്ക്കായി ലഭിച്ചത്.
പെണ്‍കുട്ടിയുടെ കൊലപാതകം സംബന്ധിച്ച് ഡിസിപി മോണിക്ക ഭരദ്വാജിന്റെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘമാണ് അന്വേഷണം നടത്തുന്നത്.
പോലീസ് നേരത്തെ മുതൽ പ്രതികളെ സംരക്ഷിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്ന ആരോപണം ഉയർന്നതിനെ തുടർന്നാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്.
എന്നാൽ, കൂടുതൽ ശാസ്ത്രീയവും വിശാലവുമായ അന്വേഷണത്തിനായാണ് കേസ് ക്രൈബ്രാഞ്ചിന് കൈമാറിയതെന്നാണ് ഡൽഹി പോലീസ് വക്താവ് ചിൻമയി ബിസ്വാൾ പറഞ്ഞത്.