ന്യൂഡൽഹി: തിക്കിലും തിരക്കിലുംപെട്ട് ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ 18 പേർ മരിച്ച അപകടത്തിന് വഴിവച്ചത് അനൗൺസ്മെന്റിലെ ആശയക്കുഴപ്പമെന്ന് ഡൽഹി പോലീസ്. കുംഭമേള നടക്കുന്ന പ്രയാഗ്രാജിലേക്ക് പോകുന്ന രണ്ട് ട്രെയിനുകളെക്കുറിച്ച് ഒന്നിച്ച് അനൗൺസ്മെന്റ് നടത്തിയതാണ് ആശയക്കുഴപ്പത്തിനിടയാക്കിയത്.
14-ാം പ്ലാറ്റ്ഫോമിൽ ട്രെയിൻ നിൽക്കെ 16-ാം പ്ലാറ്റ്ഫോമിലും ട്രെയിൻ വരുന്നതായി അനൗൺസ്ചെയ്തു. ഇത് യാത്രക്കാരിൽ ആശയക്കുഴപ്പമുണ്ടാക്കിയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
അതേസമയം തിക്കിലും തിരക്കിലും പെട്ട് ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ 18 പേർ മരിച്ച സംഭവത്തിൽ റെയിൽവേ ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 10 ലക്ഷം രൂപ ധനസഹായമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
കൂടാതെ, ഗുരുതമായി പരിക്കേറ്റവർക്ക് രണ്ടുലക്ഷം രൂപയും നിസാര പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപയും ധനസഹായമായി നല്‍കും. ശനിയാഴ്ച രാത്രി പത്തോടെയാണ് രാജ്യതലസ്ഥാനത്തെ ഞെട്ടിച്ച അപകടം ഉണ്ടായത്. പ്രയാഗ്രാജിലെ മഹാകുംഭമേളയ്ക്ക് പോകാൻ ആളുകൾ കൂട്ടത്തോടെ എത്തിയതാണ് അപകടത്തിന് കാരണം.
കുംഭമേളയുമായി ബന്ധപ്പെട്ട് രണ്ട് പ്രത്യേക ട്രെയിനുകള്‍ റെയില്‍വേ സജീകരിച്ചിരുന്നു. ഈ ട്രെയിനുകള്‍ സ്റ്റേഷനിലേക്കെത്തിയപ്പോഴാണ് വലിയ തിക്കും തിരക്കും അനുഭവപ്പെട്ടതെന്നാണ് വിവരം. തിരക്കിലമര്‍ന്ന് വീണ് ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റു. ഇവരെല്ലാം ആശുപത്രിയിൽ ചികിത്സയിലാണെന്ന് റെയിൽവേ അധികൃതർ പറഞ്ഞു.
ഡൽഹി ദുരന്തം: 14-ാം പ്ലാറ്റ്ഫോമിൽ ട്രെയിൻ നിൽക്കെ 16-ാം പ്ലാറ്റ്ഫോമിലും വരുന്നതായി അനൗൺസ് ചെയ്തു; അപകടത്തിന് വഴിവച്ചത് അനൗൺസ്മെന്റിലെ ആശയക്കുഴപ്പമെന്ന് ഡൽഹി പോലീസ്
