ന്യൂഡൽഹി: ഡല്‍ഹിയില്‍ കാറിടിച്ച് കൊല്ലപ്പെട്ട യുവതി സംഭവത്തിന് മുൻപ് സുഹൃത്തുമായി വഴക്കിട്ടിരുന്നുവെന്ന് കണ്ടെത്തൽ. ഇരുവരും എത്തിയ ഹോട്ടലിന്റെ മാനേജരുടേതാണ് മൊഴി.
പുതുവത്സരാഘോഷത്തിനായി സുഹൃത്ത് നിധിക്കൊപ്പം മരിച്ച അഞ്ജലി സിംഗ് ഹോട്ടലിലെത്തിയിരുന്നു. എന്നാൽ ഇവിടെവച്ച് ഇരുവരും വഴക്കിട്ടു. ഇതേതുടർന്ന് ഹോട്ടൽ അധികൃതർ ഇരുവരെയും പുറത്താക്കി.
ശേഷം സ്കൂട്ടറിൽ കയറി യുവതികൾ പോവുകയായിരുന്നു. എന്നാൽ വഴിയിൽ വച്ച് സ്കൂട്ടർ അപകടത്തിൽ പെട്ടു. അപകടത്തിൽ നിസാര പരിക്കേറ്റ നിധി സ്ഥലത്ത് നിന്നും കടന്നുകളയുകയായിരുന്നു.
അപകടം നടന്നതുമായി ബന്ധപ്പെട്ട് കൂടുതല്‍ വ്യക്തത ലഭിക്കാന്‍ മാപ്പ് തയാറാക്കുന്നതിനിടെയാണ് മരിച്ച യുവതിക്കൊപ്പം സുഹൃത്തുമുണ്ടായിരുന്നുവെന്ന് പോലീസ് കണ്ടെത്തിയത്.
സുല്‍ത്താന്‍പുരിലെ കാഞ്ചവാലയിലാണ് അപകടം നടന്നത്. അപകടം നടന്നതിന് പിന്നാലെ അഞ്ജലിയുടെ കാല് കാറിന്റെ ആക്സിലില്‍ കുടുങ്ങിയതാണ് റോഡിലൂടെ വലിച്ചിഴയ്ക്കാന്‍ കാരണമായതെന്ന് പോലീസ് പറഞ്ഞു.
ഞായറാഴ്ച രാവിലെ ഔട്ടർ ഡൽഹിയിലെ സുൽത്താൻപുരിലെ കാഞ്ചവാലയിലാണ് വസ്ത്രമെല്ലാം കീറിപ്പറിഞ്ഞ നിലയിൽ അഞ്ജലിയുടെ മൃതദേഹം കണ്ടെത്തിയത്.
സംഭവത്തിന് പിന്നാലെ കാർ ഓടിച്ചിരുന്ന ദീപക് ഖന്ന (26), ഒപ്പമുണ്ടായിരുന്ന അമിത് ഖന്ന (25), കൃഷ്ണൻ (27), മിഥുൻ (26), മനോജ് മിത്തൽ (27) എന്നിവരെ പോലീസ് പിടികൂടി. ഇവരെ മൂന്ന് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു.
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളെ പിടികൂടിയത്. കാറിൽ യുവതിയുടെ രക്തം കണ്ടെത്തിയിട്ടില്ലെന്നു പോലീസ് അറിയിച്ചു.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നിർദേശപ്രകാരം സ്പെഷൽ പോലീസ് കമ്മിഷണർ ശാലിനി സിംഗിനാണ് അന്വേഷണച്ചുമതല.