ന്യൂഡൽഹി: പ്രായപൂർത്തിയായ ഒരു സ്ത്രീക്ക് താൻ ആഗ്രഹിക്കുന്ന ആർക്കൊപ്പവും, എവിടെ വേണമെങ്കിലും താമസിക്കാൻ സ്വാതന്ത്ര്യമുണ്ടെന്ന് ഡൽഹി ഹൈക്കോടതി.
20-കാരിയായ പെണ്‍കുട്ടിയെ കാണാനില്ലെന്ന ഹേബിയസ് കോർപ്പസ് ഹർജി പരിഗണിക്കവേയാണ് ജസ്റ്റീസുമാരായ വിപിൻ സാംഗി, രജനീഷ് ഭട്നാഗർ എന്നിവരുടെ ബെഞ്ചിന്റെ നിരീക്ഷണം.
താൻ പ്രായപൂർത്തിയായ വ്യക്തിയാണെന്നും സ്വന്തം താത്പര്യ പ്രകാരമാണ് വീട് ഉപേക്ഷിച്ചതെന്നും സ്വന്തം ഇഷ്ടത്തിനാണ് വിവാഹം ചെയ്തതെന്നും പെണ്‍കുട്ടി അറിയിച്ചു.
ഇതേത്തുടർന്നാണ് പ്രായപൂർത്തിയായ സ്ത്രീക്ക് ആഗ്രഹിക്കുന്ന ഇടത്ത്, ആഗ്രഹിക്കുന്ന വ്യക്തിക്കൊപ്പം താമസിക്കുന്നതിനു സ്വാതന്ത്ര്യമുണ്ടെന്നു കോടതി വ്യക്തമാക്കിയത്.
പെണ്‍കുട്ടിയെ പോലീസ് സംരക്ഷണത്തിൽ ഭർത്താവിന്റെ വീട്ടിലെത്തിക്കാനും പെണ്‍കുട്ടിയുടെ വീട്ടുകാർ നിയമം കൈയിലെടുക്കുന്നത് വിലക്കാനും ഡൽഹി പോലീസിനു കോടതി നിർദേശം നൽകി.
ദന്പതികളെ ഭീഷണിപ്പെടുത്തുന്നത് അവസാനിപ്പിക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്.