സഹാറൻപുർ: പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് 180 ദളിത് കുടുംബങ്ങൾ ബുദ്ധമതത്തിൽ ചേരുന്നു. ഉത്തർപ്രദേശ് സഹാറൻപൂരിലെ രുപാടി, ഇഗ്രി, കാപുർപുർ എന്നിവിടങ്ങളിൽനിന്നുള്ള ദളിത് കുടുംബങ്ങളാണ് മതംമാറ്റം പ്രഖ്യാപിച്ചത്. ഹിന്ദു ദൈവങ്ങളുടെയും ദേവതകളുടെയും വിഗ്രഹങ്ങൾ നദിയിലൊഴുക്കിയശേഷമാണ് ദളിതർ ബുദ്ധമതം സ്വീകരിക്കുന്നത്.
അടുത്തിടെ നടന്ന വർഗീയ സംഘർഷവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തവരെ വിട്ടയച്ചിച്ചെങ്കിൽ കൂടുതൽ ദളിത് കുടുംബങ്ങളും ബുദ്ധമതത്തിൽ ചേരുമെന്ന് ഇവർ ഭീഷണി മുഴക്കി. തങ്ങളുടെ സമുദായത്തെയും ഭീം ആർമി സ്ഥാപകൻ ചന്ദ്രശേഖർ ആസാദിനെയും പോലീസ് ബോധപൂർവം ലക്ഷ്യംവയ്ക്കുകയാണെന്ന് കുടുംബങ്ങൾ ആരോപിക്കുന്നു.
ഈ മാസം തുടക്കത്തിൽ സഹാറൻപൂരിന്റെ വിവിധയിങ്ങളിൽ വർഗീയ സംഘർഷങ്ങൾ പൊട്ടിപ്പുറപ്പെട്ടിരുന്നു. പ്രക്ഷോഭകർ 20 വീടുകൾ അഗ്നിക്കിരയാക്കുകയും വാഹനങ്ങൾ കത്തിക്കുകയും ചെയ്തു. രജപുത്ര രാജാവ് മഹാറാണാ പ്രതാപിന്റെ ജൻമദിനാഘോഷവുമായി ബന്ധപ്പെട്ട് ഉച്ചഭാഷിണികൾ സ്ഥാപിക്കുന്നളതിനെ ചൊല്ലിയാണ് തർക്കം ഉടലെടുത്തത്.