പരിയാരം: ഇതര സംസ്ഥാനക്കാരിയായ യുവതി ക്വാര്‍ട്ടേഴ്സിലെ കുളിമുറിയില്‍ പ്രസവിച്ചു. കോരന്‍പീടികയിലെ ക്വാര്‍ട്ടേഴ്സിലാണ് ബംഗാള്‍ സ്വദേശിയായ മുഹമ്മദ് സലീമിന്റെ ഭാര്യ അജ്മുദ്നീസ (24) പ്രസവിച്ചത്. മേയ് അഞ്ചിനായിരുന്നു ഡോക്ടര്‍ പ്രസവതീയതി പറഞ്ഞിരുന്നത്. ക്വാര്‍ട്ടേഴ്സിന്റെ മൂന്നാംനിലയിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്.
ഇന്നു പുലര്‍ച്ചെ രണ്ടരയ്ക്ക് ബാത്ത്റൂമില്‍ പോയപ്പോഴാണ് യുവതി അതിനകത്ത് പ്രസവിച്ചത്. രക്തസ്രാവത്തെ തുടർന്ന് അവശനിലയിലായ യുവതിയെ പരിചരിക്കാനാവാതെ കുഴങ്ങിയ ഭര്‍ത്താവ് ചികിത്സിക്കുന്ന പയ്യന്നൂരിലെ ആശുത്രിയിലേക്ക് വിളിച്ചുവെങ്കിലും കോരന്പീടികയിലേക്ക് വരാന്‍ സ്റ്റാഫില്ലെന്നും തൊട്ടടുത്തുള്ള ആശുപത്രിയില്‍ ബന്ധപ്പെടാനുമായിരുന്നു നിര്‍ദേശം.
പിന്നീട് തളിപ്പറമ്പിലെ ആശുപത്രികളില്‍ ബന്ധപ്പെട്ടുവെങ്കിലും ആരും അങ്ങോട്ട് പോകാന്‍ തയ്യാറായില്ല. ഒടുവില്‍ തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ നിന്ന് വിവരം ലഭിച്ചത്പ്രകാരം എന്‍എസ്എസ് ആംബുലന്‍സ് ഡ്രൈവര്‍ പ്രസന്നന് ആംബുലന്‍സുമായി സ്ഥലത്തെത്തി.
ഏറെ സാഹസികമായിട്ടാണ് പൊക്കിള്‍കൊടി വേർപെടുത്താത്ത അമ്മയെയും കുഞ്ഞിനെയും മൂന്നാംനിലയില്‍ നിന്ന് താഴെയിറക്കിയത്. കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജിലെത്തിക്കാമെന്ന് ആംബുലന്‍സ് ഡ്രൈവര്‍ പറഞ്ഞുവെങ്കിലും ഭര്‍ത്താവിന്റെ താല്പര്യപ്രകാരം പയ്യന്നൂരിലേക്ക് കൊണ്ടുപോവുകയായിരുന്നു.
നഴ്സ് ആംബുലന്‍സിലെത്തി പൊക്കിള്‍കൊടി മുറിച്ചശേഷമാണ് അമ്മയെയും കുഞ്ഞിനെയും ആശുപത്രിയിലേക്ക് മാറ്റിയത്. ഇരുവരും അപകടനില തരണംചെയ്തതായി ആശുപത്രി ആധികൃതര്‍ പറഞ്ഞു.