കട്ടപ്പന: അവിവാഹിതയായ ബാങ്ക് ഉദ്യോഗസ്ഥ കട്ടപ്പനയിലെ വനിതാ ഹോസ്റ്റലിൽ പ്രസവിച്ച ശിശു മരിച്ചസംഭവം കൊലപാതകമാണെന്നു സ്ഥിരീകരിച്ചതോടെ വിശദമായ അന്വേഷണത്തിന് പോലീസ്.
കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവത്തിൽ മറ്റാരുടെയെങ്കിലും നിർദേശമുണ്ടായെന്ന കാര്യം പോലീസ് അന്വേഷണ വിധേയമാക്കും. കുഞ്ഞിന്റെ പിതൃത്വം സംബന്ധിച്ചു വ്യക്തത വരുത്തിയായിരിക്കും തുടർ അന്വേഷണം നടത്തുന്നത്.
ഇക്കാര്യത്തിലെല്ലാം കൃത്യമായ വിവരം ലഭിക്കണമെങ്കിൽ ഇപ്പോൾ കോട്ടയം മെഡിക്കൽ കോളജിൽ ചികിൽസയിൽ കഴിയുന്ന യുവതിയിൽനിന്നു വിശദമായ മൊഴിയെടുക്കണമെന്നു പോലീസ് അറിയിച്ചു.
പോലീസ് നിരീക്ഷണത്തിലാണ് യുവതി ആശുപത്രിയിൽ കഴിയുന്നത്. ശ്വാസം മുട്ടിയാണ് കുഞ്ഞ് മരിച്ചതെന്നാണു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഇതോടെയാണ് യുവതിക്കെതിരെ കൊലപാതക കുറ്റത്തിനടക്കം കേസെടുക്കാൻ തീരുമാനിച്ചതെന്നു കട്ടപ്പന സി ഐ സോണി മത്തായി അറിയിച്ചു.
പോസ്റ്റുമോർട്ടത്തിൽ കുഞ്ഞിന്റെ തലയിൽ പരിക്കേറ്റതായി വ്യക്തമായിരുന്നു. പരിക്കിനെ സംബന്ധിച്ചു യുവതിയെ ചോദ്യം ചെയ്യും. യുവതിയെ ഡിസ്ചാർജ് ചെയ്താലുടൻ അറസ്റ്റ് ചെയ്തു മൊഴി രേഖപ്പെടുത്താനാണ് പോലീസ് തീരുമാനം.
കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് കട്ടപ്പനയിലെ സ്വകാര്യ ഹോസ്റ്റലിൽ അവിവാഹിതയായ യുവതി ആണ് കുഞ്ഞിനു ജന്മം നൽകിയത്. യുവതി ഗർഭിണിയാണെന്ന വിവരം വീട്ടുകാർക്കും ഹോസ്റ്റലിലെ സഹവാസികൾക്കും അറിയില്ലായിരുന്നു.
കട്ടപ്പനയിലെ സ്വകാര്യ ബാങ്കിലെ ജീവനക്കാരിയായ യുവതി ഗർഭാവസ്ഥ മറച്ചു വച്ച് ജോലിക്കും പോയിരുന്നു. സംഭവത്തിൽ അസ്വഭാവിക മരണത്തിനാണ് പോലീസ് ആദ്യം കേസ് എടുത്തത്.
കുഞ്ഞു മരിച്ചത് സ്വഭാവികമല്ലെന്ന് ആദ്യമേ തന്നെ പോലീസ് സംശയിച്ചിരുന്നു. വെള്ളിയാഴ്ച്ച പുലർച്ചെ ഹോസ്റ്റലിലെ മുറിയിൽ യുവതി ആണ്കുഞ്ഞിനു ജന്മം നൽകിയ വിവരം ആദ്യം ആരും വിശ്വസിച്ചില്ല.
വിവരമറിഞ്ഞു പോലീസ് സ്ഥലത്തു എത്തുന്പോൾ കുഞ്ഞ് മരിച്ചനിലയിലായിരുന്നു. ഹോസ്റ്റൽ മുറിയിൽ രക്തവും കട്ടിലിൽ തലയിണക്കടിയിലായി കുഞ്ഞിനേയും കണ്ടതിനെത്തുടർന്നു ഹോസ്റ്റൽ അധികൃതരാണ് പോലീസിൽ വിവരം അറിയിച്ചത്.
സ്ഥലത്തെത്തിയ പോലീസ് കുഞ്ഞിന്റെ മൃതദേഹം ആശുപത്രി മോർച്ചറിയിലേക്കു മാറ്റിയ ശേഷം യുവതിയെ നെടുങ്കണ്ടത്തെ സർക്കാർ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജിലേക്കു മാറ്റി.
പ്രസവിക്കുന്പോൾ തന്നെ കുഞ്ഞ് മരിച്ചനിലയിലായിരുന്നു എന്നാണ് യുവതി പോലീസിന് ആദ്യം നൽകിയ മൊഴി. എന്നാൽ, സംഭവത്തിൽ ദുരൂഹത തോന്നിയ പോലീസ് അസ്വാഭാവിക മരണത്തിനു കേസെടുക്കുകയായിരുന്നു.
കട്ടപ്പന ഡിവൈഎസ്പി രാജ്മോഹനൻ, സിഐ സോണി മത്തായി, എസ്ഐ. എ.എം.സന്തോഷ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.