ഓണ്‍ലൈനിലൂടെ ഭക്ഷണം ഓർഡർ ചെയ്തു വരുത്തുന്നത് ഇന്ന് നഗരങ്ങളിലെ സാധാരണ കാഴ്ചയാണ്. ഓണ്‍ലൈൻ ഭക്ഷണവിതരണ കന്പനികളിലെ നിരവധി ഡെലിവറി ബോയ്കളെ ഇന്നു നഗരങ്ങളിൽ കാണാം. കന്പനിയുടെ പേരെഴുതിയ ബാഗുമായി പോകുന്ന അവരുടെ ജീവിതത്തെക്കുറിച്ച് ഭക്ഷണം ഓർഡർ ചെയ്യുന്നവരോ ഭക്ഷണം വിതരണം ചെയ്യുന്ന കന്പനിയോ ചിന്തിക്കാറില്ലെന്നുള്ളതാണ് സത്യം. ഭക്ഷണവിതരണം നടത്തുന്നവരിൽ നല്ലൊരു ശതമാനവും പാർട്ട്ടൈം ജോലിയായി ചെയ്യുന്നവരാണ്. ഇത്തരത്തിലൊരു ഡെലിവറി ബോയിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം.
ഓണ്‍ലൈൻ ഭക്ഷണവിതരണ കന്പനിയായ സ്വിഗ്ഗിയുടെ മുംബൈ നഗരത്തിലെ ഡെലിവറി ബോയിയാണ് വിശാൽ സംജിസ്കർ. കഴിഞ്ഞ ദിവസം ഓർഡർ വിതരണത്തിനായി ഒരു കസ്റ്റമറിന്റെ അടുത്തു ചെന്നതാണ് വിശാലിന്റെ ജീവിതം മാറ്റിമറിച്ചത്. നിഖിൽ ജോർജ് എന്നയാൾ ഓർഡർ ചെയ്ത ഭക്ഷണം നൽകനായാണ് വിശാൽ എത്തിയത്. ഭക്ഷണം നൽകുന്നതിനിടെയാണ് നിഖിലിനോട് വിശാൽ ഒരു ചോദ്യം ചോദിച്ചത്. താനൊരു ആർട്ടിസ്റ്റാണെന്നും പെയിന്റിംഗ് നടത്താനുണ്ടോയെന്നുമായിരുന്നു വിശാലിന്റെ ചോദ്യം. ഏതായാലും ഒരു പരീക്ഷണം നടത്താൻ നിഖിൽ തയാറായി. പിന്നെ കണ്ടത് വിശാലിന്റെ അദ്ഭുതപ്പെടുത്തുന്ന പ്രകടനമാണ്.
വിശാൽ പെയിന്റിംഗ് നടത്തുന്നതിന്റെ ചിത്രം നിഖിൽ ട്വിറ്ററിൽ പങ്കുവച്ചിരുന്നു. മണിക്കൂറുകൾകം ആയിരക്കണക്കിന് ലൈക്കുകളും ഷെയറുകളുമാണ് ചിത്രത്തിന് ലഭിച്ചത്. നിരവധി ആളുകളാണ് വിശാലിന് ജോലി വാഗ്ദാനം ചെയ്തിരിക്കുന്നത്. പശ്ചിമ ബംഗാൾ, മഹാരാഷ്ട്ര സർക്കാരുകളും സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. വിശാലിന്റെ പെയിന്റിംഗുകളുടെ എക്സിബിഷൻ നടത്താൻ തയാറായി ലഖ്നൗവിലെ ഒരു വ്യാപാരിയും രംഗത്ത് എത്തിയിട്ടുണ്ട്.
ട്വിറ്ററിലെ പോസ്റ്റ് ഇത്രയും വൈറലാകുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് വിശാൽ മാധ്യമങ്ങളോട് പറഞ്ഞു. മുംബൈയിലെ എവറസ്റ്റ് അഡ്വർടൈസിംഗ് എന്ന കന്പനിയിലെ ജീവനക്കാരനാണ് വിശാൽ. മുംബൈയിലെ ജീവിത ചെലവുകൾ വർധിച്ചതോടെ കഴിഞ്ഞ വർഷമാണ് പാർട്ട്ടൈം ഡെലിവറി ബോയിയായി ജോലി ചെയ്യാൻ തുടങ്ങിയത്. രാത്രി ഏഴോടെ തുടങ്ങുന്ന ഭക്ഷണ വിതരണ ജോലി അർധരാത്രി വരെ തുടരും. പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ ജീവിതം കൂടുതൽ മെച്ചമാകുമെന്ന പ്രതീക്ഷയിലാണ് വിശാൽ.
എസ്ടി