പാലക്കാട്: ആശുപത്രിയിലേക്കുള്ള യാത്രാമദ്ധ്യേ കനിവ് 108 ആംബുലൻസിനുള്ളിൽ യുവതിക്ക് സുഖപ്രസവം. അമ്മയ്ക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ. പാലക്കാട് മൈലംപാടം പുതുവപാടം കോളനിയിലെ 28കാരിയാണ് ആംബുലൻസിൽ ആണ്‍കുഞ്ഞിന് ജന്മം നൽകിയത്. ഇന്ന ലെ പുലർച്ചെ അഞ്ച് മണിയോടെയാണ് സംഭവം.
യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ബന്ധുക്കൾ കനിവ് 108 ആംബുലൻസിന്റെ സേവനം തേടുകയായിരുന്നു. കണ്ട്രോൾ റൂമിൽ നിന്ന് അത്യാഹിത സന്ദേശം മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലെ കനിവ് 108 ആംബുലൻസിന് കൈമാറി. ആംബുലൻസ് പൈലറ്റ് കെ. പ്രജിത്ത്, എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ മനു എന്നിവർ ഉടൻ കോളനിയിൽ എത്തി യുവതിയുമായി ആശുപത്രിയിലേക്ക് തിരിച്ചു.
ഒരു കിലോമീറ്റർ പിന്നിടുന്പോഴേക്കും യുവതിയുടെ ആരോഗ്യനില കൂടുതൽ വഷളാവുകയും തുടർന്ന് എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ മനു നടത്തിയ പരിശോധനയിൽ പ്രസവം എടുക്കാതെ മുന്നോട്ട് പോകുന്നത് അമ്മയ്ക്കും കുഞ്ഞിനും സുരക്ഷിതമല്ല എന്ന് മനസിലാക്കി ആംബുലൻസിൽ തന്നെ ഇതുവേണ്ട സജ്ജീകരണങ്ങൾ ഒരുക്കുകയും ചെയ്തു.
തുടർന്ന് 5.45ന് എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ മനുവിന്റെ പരിചരണത്തിൽ യുവതി കുഞ്ഞിന് ജന്മം നൽകി. ഉടൻ മനു അമ്മയും കുഞ്ഞുമായുള്ള പൊക്കിൾകൊടി ബന്ധം വേർപ്പെടുത്തി ഇരുവർക്കും വേണ്ട പ്രഥമ ശുശ്രൂഷ നൽകി.ഉടൻ ഇരുവരെയും ആംബുലൻസ് പൈലറ്റ് പ്രജിത്ത് മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ബന്ധുക്കൾ അറിയിച്ചു.