വീഡിയോ കോളിലൂടെ ഡോക്ടറുടെ സഹായത്തോടെ പ്രസവം എടുക്കുന്ന സീനൊക്ക സിനിമയിലൊക്കെ കാണാൻ നല്ലതാണ്. എന്നാൽ യഥാർഥ്യത്തിൽ അങ്ങനെ സംഭവിച്ചാൽ എന്താകും അവസ്ഥ? ആലോചിച്ച് നോക്കിയിട്ടുണ്ടോ? എന്നാൽ അത്തരത്തിൽ ഒരു സംഭവം നടന്നിരിക്കുകയാണ് ചൈനയിൽ.
അപ്രതീക്ഷിതമായി യുവതിക്ക് വാട്ടർ ബ്രേക്ക് ആവുകയും അതേത്തുടർന്ന് കലശലായ പ്രസവ വേദന അനുഭവപ്പെടുകയും ചെയ്തു. അതോടെ 13 കാരനായ മകൻ ഉടൻതന്നെ എമർജൻസി നമ്പറിൽ വിളിച്ച് ഡോക്ടറുടെ സഹായം തേടി. 37 ആഴ്ച ഗർഭിണിയായ തന്റെ അമ്മയ്ക്ക് അസഹനീയമായ വേദനയുണ്ടെന്നും വാട്ടർ ബ്രേക്കിംഗ് സംഭവിച്ചതായും അവൻ ഡോക്ടറോട് വിശദീകരിച്ചു. കൂടാതെ കുഞ്ഞിന്റെ തല തനിക്ക് കാണാൻ കഴിയുന്നുണ്ടെന്നും അവൻ എമർജൻസി സെന്ററിലെ ഡോക്ടർ ചെൻ ചാവോഷുണിനോട് പറഞ്ഞു.
സംഭവത്തിന്റെ ഗൗരവം മനസിലാക്കിയ ഡോക്ടർ ആദ്യം അവനെ ശാന്തനാക്കുകയും എത്രയും വേഗം ആംബുലൻസ് വീട്ടിൽ എത്തുമെന്നും അറിയിച്ചു. കൂടാതെ അമ്മയ്ക്ക് നൽകേണ്ട പ്രഥമ ശുശ്രൂഷകളെ കുറിച്ച് പറഞ്ഞു കൊടുക്കുകയും ചെയ്തു. ഡോക്ടർ പറഞ്ഞതനുസരിച്ച് അവൻ അമ്മയുടെ വയറ്റിൽ നിന്ന് കുഞ്ഞിനെ പുറത്തെടുത്തു. അപ്പോഴേക്കും ആശുപത്രിയിൽ നിന്നും ആംബുലൻസ് എത്തുകയും അമ്മയേയും കുഞ്ഞിനേയും സുരക്ഷിതമായി ആശുപത്രിയിലേക്ക് എത്തിക്കുകയും ചെയ്തു.
വാർത്ത വൈറലായതോടെ നിരവധി ആളുകളാണ് 13 കാരന് അഭിനന്ദനവുമായി രംഗത്തെത്തിയത്. അവന്റെ മനോധൈര്യവും തക്ക സമയത്തെ ഇടപെടലും കാരണമാണ് അമ്മയെയും അവന്റെ കൂടെപ്പിറപ്പിനെയും രക്ഷിക്കാൻ സാധിച്ചതെന്ന് എല്ലാവരും പറഞ്ഞു.
പലരും അഭിനന്ദന പ്രവാഹങ്ങളാൽ പൊതിഞ്ഞെങ്കിലും വിമർശനവുമായി നിരവധി ആളുകൾ രംഗത്തെത്തി. വീട്ടിൽ പ്രസവം എടുക്കുന്നത് അത്യധികം അപകടകരമായ കാര്യമാണ്. എന്തെങ്കിലും ബുദ്ധിമുട്ടുകൾ നേരിടുന്പോൾ തന്നെ ഉടൻ തന്നെ വൈദ്യസഹായം തേടേണ്ടതാണെന്നും ചില ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെട്ടു.