ബീഫ് കഴിക്കുന്ന മുസ്ലീമായ ഞാന്‍ സാധനങ്ങള്‍ കൊണ്ടുവന്നത് അവര്‍ക്ക് ഇഷ്ടമായില്ലെന്നാണ് ആദ്യം കരുതിയത്! കാര്യമറിഞ്ഞപ്പോഴാണ് ഇങ്ങനെയുള്ള മനുഷ്യരും ഉണ്ടോയെന്ന് അത്ഭുതപ്പെട്ടത്; ഒരു ഡെലിവറി ബോയിയുടെ അനുഭവം

മതവിശ്വാസങ്ങളുടെ പേരില്‍ അക്രമങ്ങള്‍ അടിയ്ക്കടി വര്‍ദ്ധിച്ചുവരുന്ന സമയമാണിത്. മതവിശ്വാസങ്ങള്‍ മനുഷ്യന്റെ മൗലികാവകാശങ്ങളെപ്പോലും ഹനിക്കുന്നതായും നിരവധി വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. എന്നാല്‍ സ്വന്തം മതവിശ്വാസങ്ങളില്‍ അടിയുറച്ച് വിശ്വസിക്കുമ്പോഴും മറ്റുള്ളവരുടെ വിശ്വാസത്തെ വ്രണപ്പെടുത്താതിരിക്കാന്‍ പരമാവധി ശ്രമിക്കുന്ന ആളുകളുമുണ്ട്, സമൂഹത്തില്‍. ഈ പൊതുസത്യത്തിന് സാക്ഷിയായ ഒരു യുവാവ് തന്റെ അനുഭവം ഫേസ്ബുക്കില്‍ പങ്കുവയ്ക്കുകയുണ്ടായി. മതത്തിന്റെ പേരിലുള്ള അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്നവര്‍ക്കുള്ള ഒരു പാഠം കൂടിയാണിത്. അതിങ്ങനെയാണ്..

‘ഷോപ്പില്‍ നിന്നും സാധനങ്ങള്‍ ഡെലിവറി ചെയ്യാന്‍ വേണ്ടിയാണു ഞാനാ ഫ്‌ളാറ്റില്‍ പോയത്. മുറിയുടെ വാതിലില്‍ തൂക്കിയിട്ട വലിയ ”ഓം” എന്ന ചിഹ്നവും, വാതില്‍ പടിയിലെ അരിപ്പൊടിക്കോലവും കണ്ടപ്പോള്‍ താമസക്കാര്‍ ഹിന്ദു മതത്തില്‍ പെട്ടവരാണ് എന്ന് മനസ്സിലായി. കോലം വരച്ചതില്‍ ചവിട്ടിപ്പോകാതെ സൂക്ഷിച്ച് ഞാന്‍ കോളിംഗ് ബെല്ലില്‍ വിരലമര്‍ത്തി. മറ്റുള്ളവരുടെ വിശ്വാസം അവര്‍ക്ക് വലുതാണ് അതിനെ നിന്ദിക്കുന്നവന്‍ സത്യവിശ്വാസിയല്ല. മുസ്ലിമായ എനിക്ക് മദ്രസയില്‍ നിന്നും ലഭിച്ച അറിവായിരുന്നു അത്. കോളിംഗ് ബെല്ലടിച്ച ശേഷം വാതിലിനു മുന്നില്‍ നിന്നും അല്‍പ്പം മാറി നിന്നു ഒരാള്‍ വാതില്‍ തുറക്കുമ്പോള്‍ അകത്തുള്ളത് കാണാന്‍ പാകത്തില്‍ നില്‍ക്കുന്നത് മാന്യതയല്ല. കൂടാതെ ഡെലിവറി സമയത്ത് നമ്മുടെ ചെറിയ അപാകതകള്‍ പോലും വലിയ അപരാതമായി സ്ഥാപനത്തെ ബാധിച്ചേക്കാം. അതാണങ്ങിനെ ചെയ്തത്. വാതില്‍ തുറന്നു വന്ന സ്ത്രീയുടെ കയ്യില്‍ ഞാന്‍ സാധനങ്ങളും ബില്ലും നല്‍കി.

അവര്‍ അകത്ത് പോയി സാധനങ്ങള്‍ അകത്ത് വെച്ച് ബില്ലിലുള്ള കാശ് തന്നു. ഞാന്‍ തിരിച്ചു പോകാനൊരുങ്ങവെ അവര്‍ ചോദിച്ചു ‘ആപ്പ് മുസല്‍മാന്‍ ഹെ” താങ്കള്‍ മുസല്‍മാനാണോ…. ? എന്ന അവരുടെ ചോദ്യത്തില്‍ എനിക്കെന്തോ പന്തികേട് തോന്നി. ഇവര്‍ ഒരു ബ്രാഹ്മിണ്‍ ആണെന്ന് തോന്നുന്നു ബീഫ് കഴിക്കുന്ന മുസ്ലിമായ ഞാന്‍ സാധനങ്ങള്‍ കൊണ്ടു വന്നത് ഇഷ്ടമായില്ലായിരിക്കുമോ…. ? എന്തായാലും പ്രശ്‌നമല്ല ഞാന്‍ അതെ എന്നുത്തരം നല്‍കി. അവര്‍ എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു വാതില്‍ തുറന്ന് എന്നെ അകത്തേക്ക് ക്ഷണിച്ചു. ‘അന്തര്‍ അ ഈഏ … ഞാന്‍ പകച്ചു നിന്നു എന്തിനാണെന്നെ അകത്തേക്ക് ക്ഷണിക്കുന്നത്…?

മേഡം മുജെ അന്തര്‍ ആനാ മുഷ്‌കില്‍ ഹെ ആപ് ക്യാചാഹ്താഹെ ബതാദോ ദെറാ … ( മേഡം എനിക്കകത്ത് വരാന്‍ ബുദ്ധിമുട്ടുണ്ട്. നിങ്ങള്‍ എന്താണാഗ്രഹിക്കുന്നത് എന്ന് ഉടനെ വ്യക്തമാക്കിയാലും) നിങ്ങള്‍ ഒരു മുസ്ലിം ആയത് കൊണ്ടാണു ഞാന്‍ അകത്തേക്ക് ക്ഷണിച്ചത് ഇവിടെ മുന്‍പ് താമസിച്ചവര്‍ മറന്ന് വെച്ച ഒരു ഹോളിഖുറാന്‍ ഉണ്ട്. അത് താങ്കള്‍ വേണമെങ്കില്‍ എടുത്തോളൂ വേണ്ടെങ്കില്‍ ഏതെങ്കിലും മസ്ജിദില്‍ കൊടുത്ത് സഹായിക്കാമോ….? വേദങ്ങളെ ബഹുമാനിക്കുന്ന വിശ്വാസികളാണു ഞങ്ങള്‍. ഞാനത് തൊട്ട് അശുദ്ധമാക്കില്ല നിങ്ങള്‍ കയറി എടുത്തോളൂ” അകത്തെ മുറിയിലേക്ക് ചൂണ്ടി. അവര്‍ പറഞ്ഞപ്പോള്‍ അത്ഭൂതവും ,ബഹുമാനവും കലര്‍ന്ന ഒരു നോട്ടം ഞാനവരെ നോക്കി. എന്നിട്ട് പുഞ്ചിരിച്ചു.

തന്റെതല്ലാത്ത മതങ്ങളെയും മതചിഹ്നങ്ങളെയും അപമാനിക്കാന്‍ തക്കം പാര്‍ത്തിരിക്കുന്നവരുടെ ലോകത്ത് ഇതാ ഒരു യഥാര്‍ത്ഥ മനുഷ്യ സ്ത്രീ എന്നെന്റെ മനസ്സ് മന്ത്രിച്ചു. അവരുടെ അനുമതിയോടെ വാഷ്‌റൂമില്‍ പോയി അംഗ ശുദ്ധി വരുത്തി മുറിയിലെ ഷോക്കേസില്‍ ഉള്ള വിശുദ്ധ ഖുര്‍ ആന്‍ എടുത്തു. അവര്‍ എനിക്ക് കൈകൂപ്പി നന്ദി പറഞ്ഞു ദൈവത്തിന്റെ രക്ഷ നിങ്ങള്‍ക്കും കുടുംബത്തിനും സദാവര്‍ഷിക്കട്ടെ എന്ന് പ്രാര്‍ത്ഥനയോടെ ഞാന്‍ യാത്ര ചോദിച്ച് മുറിയില്‍ നിന്നും പുറത്തിറങ്ങി. എന്റെ പിന്നില്‍ അടഞ്ഞ അവരുടെ മുറിയുടെ വാതിലില്‍ തൂക്കിയ ‘ഓം’ കൂടുതല്‍ തിളങ്ങുന്നത് പോലെ എനിക്കപ്പോള്‍ തോന്നി.

 

Related posts