കയ്പമംഗലം: പ്രസവശേഷമുണ്ടായ അണുബാധയെത്തുടർന്നു തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു. കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ പ്രസവശസ്ത്രക്രിയ നടത്തിയ ചെന്ത്രാപ്പിന്നി അലുവത്തെരുവ് പടിഞ്ഞാറുഭാഗം കുട്ടോടത്തുപാടം വീട്ടിൽ അഷിമോന്റെ ഭാര്യ കാർത്തിക(28)യാണു മരിച്ചത്.
മാർച്ച് 25നാണു കാർത്തിക കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ പെണ്കുഞ്ഞിനു ജന്മം നൽകിയത്. നാലുദിവസത്തിനുശേഷം അസ്വസ്ഥത തോന്നിയ ഇവരെ ഒന്പതു ദിവസത്തിനുശേഷമാണു സ്കാനിംഗിനു വിധേയമാക്കിയത്.
ഗുരുതര പഴുപ്പ് കണ്ടതോടെ മെഡിക്കൽ കോളജിലേക്കു മാറ്റി. ഇവിടെ നടത്തിയ സ്കാനിംഗിൽ സ്ഥിതി ഗുരുതരമെന്നു കണ്ടതോടെ വീണ്ടും ശസ്ത്രക്രിയ നടത്തിയെങ്കിലും ഇന്നലെ പുലർച്ചെ മരിച്ചു. ശ്വാസകോശം ഉൾപ്പെടെ ആന്തരികാവയവങ്ങളിൽ പഴുപ്പു ബാധിച്ചെന്നു ഡോക്ടർമാർ അറിയിച്ചെന്നും കൊടുങ്ങല്ലൂർ ആശുപത്രിയിലുണ്ടായ പിഴവാണു മരണത്തിനു കാരണമെന്നും ബന്ധുക്കൾ ആരോപിച്ചു.
കാർത്തികയുടെ മൃതദേഹം ഇന്നു രാവിലെ മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തും. നടപടിക്രമങ്ങൾ പൂർത്തീകരിച്ചു വിട്ടുകൊടുക്കുന്ന മൃതദേഹം ഉച്ചകഴിഞ്ഞു രണ്ടിന് വീട്ടുവളപ്പിൽ സംസ്കരിക്കും.
മെഡിക്കൽ കോളജിലെ ഡോക്ടറുടെ അറിയിപ്പുപ്രകാരം കയ്പമംഗലം പോലീസ് അസ്വാഭാവികമരണത്തിനു കേസെടുത്തു. മരണം സംഭവിച്ചതു മുളങ്കുന്നത്തുകാവ് സ്റ്റേഷൻ പരിധിയിലും പ്രസവം നടന്നതു കൊടുങ്ങല്ലൂരിലും വീടു സ്ഥിതിചെയ്യുന്നത് കയ്പമംഗലം സ്റ്റേഷൻ പരിധിയിലെ ചെന്ത്രാപ്പിന്നിയിലുമാണ്.
ഇതു കേസെടുക്കുന്നതിലും ആശയക്കുഴപ്പമുണ്ടാക്കി. തുടർന്ന് ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്താണു തീരുമാനത്തിലെത്തിയത്. കുഞ്ഞിന് ആരോഗ്യപ്രശ്നങ്ങളില്ല. ആദി സിദ്ധാർഥൻ (നാലര വയസ്) ആണ് മൂത്ത മകൻ.