പൂര്‍ണ ഗര്‍ഭിണിയായ യുവതി പ്രസവത്തിനായി ആശുപത്രിയിലേക്കു നടന്നത് ആറു കിലോമീറ്റര്‍. മധ്യപ്രദേശിലെ ഛത്തര്‍പൂരിലാണ് സംഭവം. പ്രസവവേദന കടുത്തതിനാല്‍ ആംബുലന്‍സ് വിളിച്ചെങ്കിലും പ്രളയത്തെ തുടര്‍ന്ന് ഇവരുടെ വീട്ടിലേക്ക് ഈ വാഹനത്തിനു കടന്നുവരാന്‍ സാധിക്കുമായിരുന്നില്ല. ഇതേതുടര്‍ന്ന് ഓട്ടോയില്‍ ആശുപത്രിയിലേക്കു പോകാന്‍ തീരുമാനിച്ചു.
എന്നാല്‍, വഴിക്കുവച്ച് ഓട്ടോ ചെളിയില്‍ പുതഞ്ഞു. ഇതേതുടര്‍ന്നാണ് ആശുപത്രിയിലേക്കു നടക്കാന്‍ തീരുമാനിച്ചത്. കണങ്കാല് വെള്ളത്തിലാണ് ഇവര്‍ ആശുപത്രിയിലേക്കു നടന്നത്. ആറു കിലോമീറ്റര്‍ നടന്നെത്തി ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട ഉടന്‍ യുവതി കുഞ്ഞിനു ജന്മം നല്‍കുകയും ചെയ്തു. തങ്ങളുടെ പ്രദേശത്ത് ഇത്തരത്തിലുള്ള സംഭവങ്ങള്‍ നടക്കുന്നത് ആദ്യമായല്ലെന്ന് യുവതി മാധ്യമങ്ങളോട് പറഞ്ഞു.