മട്ടന്നൂർ: ആശുപത്രി മുറ്റത്ത് നിർത്തിയിട്ട ടാറ്റാസുമോയിൽ യുവതിക്ക് സുഖപ്രസവം. കഴിഞ്ഞ ദിവസം വൈകുന്നേരം മട്ടന്നൂർ ആശ്രയ ആശുപത്രിക്ക് മുന്നിലായിരുന്നു സംഭവം. ഇരിക്കൂർ സ്വദേശിനിയായ 32കാരിയാണ് വാഹനത്തിൽവച്ച് ആൺകുഞ്ഞിന് ജന്മം നൽകിയത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റിന്റെ പരിചരണത്തിലായിരുന്നു യുവതി. കഴിഞ്ഞ ദിവസം വൈകുന്നേരം പ്രസവവേദനയുണ്ടായതോടെ വാഹനത്തിൽ കണ്ണൂരിലേക്ക് പുറപ്പെടുകയായിരുന്നു.
വേദന കഠിനമായതോടെ യുവതിയെയുംകൊണ്ടു വാഹനം അമിതവേഗതയിൽ മട്ടന്നൂർ ആശ്രയ ആശുപത്രിയിൽ എത്തുകയായിരുന്നു. ആശുപത്രി മുറ്റത്ത് വാഹനമെത്തിയതോടെ യുവതിയെ പുറത്തിറക്കാൻ കഴിയാത്ത നിലയിലായിരുന്നു. വിവരമറിച്ചതിനെത്തുടർന്ന് ഡോ. സുചിത്ര സുധീറും നഴ്സുമാരും ഓടിയെത്തി വാഹനത്തിൽത്തന്നെ പ്രസവത്തിനായി സൗകര്യമൊരുക്കുകയായിരുന്നു. തുടർന്നു യുവതിയെയും കുഞ്ഞിനെയും ആശുപത്രി വാർഡിലേക്ക് മാറ്റി.