മ്യാൻമറിൽ ഉണ്ടായ ഭൂമി കുലുക്കത്തിന്റെ വേദന എത്രത്തോളമാണെന്ന് കഴിഞ്ഞ ദിവസങ്ങളിൽ നമ്മൾ കണ്ടതാണ്. ഇപ്പോഴിതാ ആ വേദനകളിൽ നിന്നൊരു ആശ്വാസ വാർത്തയാണ് പുറത്ത് വരുന്നത്. ഭൂമി കുലുക്കത്തെ തുടര്ന്ന് ആശുപത്രിയിൽ നിന്ന് പുറത്തെക്കെത്തിച്ച ഒരു ഗര്ഭിണി, സമീപത്തെ പാര്ക്കില് വച്ച് ഒരു കുഞ്ഞിന് ജന്മം നല്കി. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില് വൈറലായി.
രോഗികളെ ബാങ്കോക്കിലെ ബിഎന്എച്ച് ആശുപത്രിയില് നിന്നും കിംഗ് ചുലലോങ്കോൺ മെമ്മോറിയല് ആശുപത്രിയില് നിന്നും തൊട്ടടുത്ത പാര്ക്കിലേക്ക് മാറ്റിയിരുന്നു. ചില രോഗികളെ സ്ട്രെക്ചറിലും മറ്റു ചില രോഗികളെ വീല്ച്ചെയറിലുമാണ് ആശുപത്രിക്ക് പുറത്തെത്തിച്ചത്.
ഇങ്ങനെ ഒഴിപ്പിക്കപ്പെട്ടവരില് ഒരു പൂർണഗര്ഭിണിയും ഉണ്ടായിരുന്നു. പുറത്തേക്ക് എത്തിച്ചതോടെ യുവതിക്ക് പ്രസവ വേദന അനുഭവപ്പെട്ടു. അതോടെ പ്രസവം നടത്താനുള്ള എല്ലാ സന്നാഹങ്ങളും ആശുപത്രി അധികൃതർ എടുത്തു. നീണ്ട പരിശ്രമത്തിനു ശേഷം യുവതി കുഞ്ഞിന് ജൻമം നൽകി.
ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. സ്ട്രക്ടറില് കിടക്കുന്ന യുവതിയുടെ ചുറ്റും ഡോക്ടര്മാരും നഴ്സുമാരും കൂടിയിരിക്കുന്നത് വീഡിയോയിൽ കാണാം. അല്പനേരത്തിന് ശേഷം ഒരു കുഞ്ഞിന്റെ കരച്ചില് കേൾക്കാം. ഈ സംഭവത്തിന്റെ നിരവധി വീഡിയോകളാണ് സമൂഹ മാധ്യമങ്ങളില് വൈറലായത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നെന്ന് ആശുപത്രി അധികൃതർ മാധ്യമങ്ങളോട് പറഞ്ഞു.