കാലിഫോർണിയ: ചൂടുള്ള പാനീയം ദേഹത്തു വീണു ഗുരുതരമായി പൊള്ളലേറ്റ ഡെലിവറി ഡ്രൈവർക്ക് 50 മില്യൺ ഡോളർ (415 കോടി രൂപ) നഷ്ടപരിഹാരം നൽകണമെന്നു ബഹുരാഷ്ട്ര കോഫിഹൗസ് ശൃംഖലയായ സ്റ്റാർബക്സിനോടു കാലിഫോർണിയ സുപ്പീരിയർ കോടതി ഉത്തരവിട്ടു. സ്റ്റാർബക്സിന്റെ ലോസ് ഏഞ്ചൽസിലെ ഔട്ട്ലറ്റ് ജീവനക്കാരനായ മൈക്കൽ ഗാർഷ്യയ്ക്കാണ് ഓർഡർ എടുക്കുന്നതിനിടെ ഗുരുതര പൊള്ളലേറ്റത്.
ചൂടുള്ള പാനീയവുമായി പോകുന്പോൾ ജീവനക്കാരന്റെ മടിയിലേക്കു വീഴുകയും ജനനേന്ദ്രിയത്തിന് ഉൾപ്പെടെ ഗുരുതരമായ പൊള്ളലേൽക്കുകയുമായിരുന്നു. ജനനേന്ദ്രിയത്തിന്റെ നാഡീക്ഷതത്തിനും ഇത് കാരണമായി. ഇതേതുടർന്നു 2020ൽ കോടതിയിൽ ഫയൽ ചെയ്ത കേസിലാണ് ഇപ്പോൾ വിധി വന്നത്.
ജീവനക്കാരന്റെ അനുദിനജീവിതത്തെയും ശാരീരികക്ഷമതയെയും ഗുരുതരമായി ബാധിക്കുന്ന രീതിയിൽ പരിക്കേറ്റിട്ടും അദ്ദേഹത്തെ വേണ്ടരീതിയിൽ പരിപാലിക്കുന്നതിൽ സ്റ്റാർബക്സ് കന്പനി അധികൃതർ അശ്രദ്ധ കാണിച്ചുവെന്നും അത് അയാളുടെ അവസ്ഥ കൂടുതൽ ഗുരുതരമാക്കിയെന്നും കോടതി ചൂണ്ടിക്കാട്ടി. ജീവനക്കാരൻ അനുഭവിക്കേണ്ടിവന്ന ശാരീരിക വേദന, മാനസികക്ലേശം, അപമാനം, വൈകാരിക ക്ലേശങ്ങൾ എന്നിവ ചൂണ്ടിക്കാട്ടിയാണ് കോടതി നഷ്ടപരിഹാരം വിധിച്ചത്.
ജീവനക്കാരന് സംഭവിച്ച ദുരന്തത്തിൽ തങ്ങൾ സഹതപിക്കുന്നുണ്ടെങ്കിലും ഇത്രയും വലിയൊരു തുക നഷ്ടപരിഹാരമായി നൽകാൻ കഴിയില്ലെന്നു വ്യക്തമാക്കിയ സ്റ്റാർബക്സ്, മേൽക്കോടതിയിൽ അപ്പീൽ നൽകുമെന്നും പറഞ്ഞു.