കോതമംഗലം: ഇടമലയാർ ഡാമിനടുത്തു വനത്തിനുള്ളിലെ വൈശാലി ഗുഹ എന്നറിയപ്പെടുന്ന തുരങ്കം യുവതിക്കു പ്രസവമുറിയായി. പൊങ്ങൻചുവട് ആദിവാസി കുടിയിലെ മാളു ആണ് തുരങ്കത്തിൽവച്ച് ആണ്കുഞ്ഞിനു ജന്മം നൽകിയത്. ഇന്നലെ രാവിലെ 10.30 ഓടെയായിരുന്നു സംഭവം.
ഭർത്താവ് സതീഷിനൊപ്പം കോതമംഗലം താലൂക്ക് ആശുപത്രിയിലേക്ക് ഓട്ടോറിക്ഷയിൽ പോകുന്നതിനിടെ മാളുവിനു പ്രസവവേദന അനുഭവപ്പെടുകയായിരുന്നു.
തുരങ്കത്തിലൂടെയാണ് ഇതുവഴിയുള്ള റോഡ് കടന്നുപോകുന്നത്. ഒപ്പമുണ്ടായിരുന്നവർ തുരങ്കത്തിൽ ആവശ്യമായ സൗകര്യമൊരുക്കി നൽകി. വൈകാതെ സുഖപ്രസവവും നടന്നു.
പത്തു കിലോമീറ്റർ അകലെ വടാട്ടുപാറയിൽ വാക്സിനേഷൻ ജോലിയിലായിരുന്ന ആരോഗ്യപ്രവർത്തകർ വിവരമറിഞ്ഞു സ്ഥലത്ത് പാഞ്ഞെത്തി.
ഡോ. ഗോപിനാഥും നഴ്സുമാരുമടങ്ങുന്ന സംഘം ആവശ്യമായ പരിചരണം നൽകിയതിനാൽ അമ്മയ്ക്കും കുഞ്ഞിനും പ്രശ്നങ്ങളെന്നുമുണ്ടായില്ല. ദുർഘടമായ വനപാതയിലൂടെ ഏറെ പാടുപെട്ടാണ് മെഡിക്കൽ സംഘവും ആംബുലൻസും എത്തിയത്.
കുട്ടന്പുഴ പഞ്ചായത്തിന്റെ ആംബുലൻസിൽ മാളുവിനെയും കുഞ്ഞിനെയും പെട്ടെന്നുതന്നെ കോതമംഗലം താലൂക്ക് ആശുപത്രിയിലെത്തിച്ചു. കഴിഞ്ഞദിവസം മാളുവിനെ താലൂക്ക് ആശുപത്രിയിൽ പരിശോധിച്ചിരുന്നു.
പ്രസവമടുത്തതിനാൽ അഡ്മിറ്റാകണമെന്നു നിർദേശിച്ചിരുന്നതായി പറയുന്നു. വ്യാഴാഴ്ച വീണ്ടുമെത്താമെന്ന് അറിയിച്ച് ഇവർ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. മാളുവിന്റെ രണ്ടാമത്തെ പ്രസവമാണിത്. ആദ്യത്തെ പ്രസവത്തിൽ ഇരട്ടപെണ്കുഞ്ഞുങ്ങളാണ്.