ചാത്തന്നൂർ: ആഴക്കടൽ മത്സ്യബന്ധന കരാറിലൂടെ വിവാദ നായകനായി മാറിയ ഇ എം സി സി എന്ന അമേരിക്കൻ കമ്പനിയുടെ ചെയർമാൻ ഷിജു.എം.വർഗീസിനെക്കുറിച്ച് അന്വേഷണം നടത്തുന്നതിന്റെ ഭാഗമായി ദല്ലാൾ നന്ദകുമാറിനെ ചോദ്യം ചെയ്യുന്നത് നീണ്ടു പോയേക്കാം.
അന്വേഷണ സംഘത്തലവനായ ചാത്തന്നൂർ എസി പി വൈ .നിസാമുദ്ദീന്റെ മുമ്പാകെ ഹാജരാകാൻ നന്ദകുമാറിന് നോട്ടീസ് നല്കിയിരുന്നു.ദില്ലിയിലാണ് നന്ദകുമാർ.കോവിഡ്നിയന്ത്രണങ്ങൾ മൂലം നന്ദകുമാറിന് എത്തിചേരാൻ ബുദ്ധിമുട്ടാണെന്ന് പോലീസിനെ അറിയിച്ചിരിക്കുകയാണ്.
ഡമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടിയുടെ സഹയാത്രികനാണ് നന്ദകുമാർ എന്ന് പോലീസ് പറഞ്ഞു.ഷിജുവിന്റെ സാമ്പത്തിക സ്രോതസ്സ്, ബാങ്കിടപാടുകൾ, ആസ്തി തുടങ്ങിയവയെക്കുറിച്ച് അന്വേഷണം നടത്തുന്ന പോലീസ് ഷിജുവിന്റെ മാതാവിനും സഹോദരങ്ങൾക്കും പോലീസിന് മുമ്പാകെ ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നു.
എന്നാൽ ഇവരെല്ലാം കോവിഡ് ബാധിച്ച് ചികിത്സയിലാണെന്നാണ് പോലീസിനെ അറിയിച്ചിട്ടുള്ളത്.തിരഞ്ഞെടുപ്പു ദിവസം കുരീപ്പള്ളിയിൽ വച്ച് ഷിജുവിന്റെ കാറിന് നേരെ പെട്രോൾ ബോംബാക്രമണ നാടകം നടത്തിയ കേസ്സിലെ രണ്ടാം പ്രതി തിരുവനന്തപുരം മലയിൽ കീഴ് കീർത്തനനിവാസിൽ കൃഷ്ണകുമാറി (44) നെ പോലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുകയാണ്.പെട്രോൾ ബോംബെറിയാനെത്തിയ കാർ ഓടിച്ചിരുന്നത് കൃഷ്ണ കുമാറായിരുന്നു.